Friday, September 18, 2026

ആദ്യമായി ആർത്തവമുണ്ടായ കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ മാനസിക രോഗം പോലും മാറുമെന്ന് പ്രചാരണം !! ആറാം ക്ലാസുകാരിയെ വാട്ടസ്ആപ്പിലൂടെ വിൽക്കാൻ ശ്രമം; കർണാടകയിൽ യുവതിയും ആൺസുഹൃത്തും പിടിയിൽ ; പിന്നിൽ വൻ റാക്കറ്റെന്ന് സംശയം

ബെംഗളൂരു: കർണാടകയിലെ വിജയനഗരയിൽ ആറാം ക്ലാസുകാരിയെ വാട്ടസ്ആപ്പിലൂടെ വിൽക്കാൻ ശ്രമിച്ച സംഘം പിടിയിൽ. ആദ്യമായി ആർത്തവമുണ്ടായ കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ മാനസിക രോഗം പോലും മാറുമെന്ന് പ്രചാരണം നടത്തിയായിരുന്നു സംഘം പെൺകുട്ടിയെ 20 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ശോഭ, ആൺ സുഹൃത്ത് തുളസീകുമാർ എന്നിവരാണ് അറസ്റ്റിലായത്. അതേസമയം പെൺകുട്ടി എങ്ങനെയാണ് സംഘത്തിന്റെ കൈയ്യിൽ അകപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല.പെൺകുട്ടിയുടെ വീഡിയോ ദൃശ്യങ്ങളും വാട്ട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചിരുന്നു.

പെൺകുട്ടിയെ വിൽപ്പന നടത്താനുള്ള ശ്രമം സന്നദ്ധ സംഘടനകളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രതികൾ കുടുങ്ങിയത്. ഓടനാടി സേവാ സംഘ് എന്ന സന്നദ്ധ സംഘടന വിവരം അറിഞ്ഞ ഉടനെ തന്നെ പോലീസിനെ സമീപിക്കുകയായിരുന്നു. സംഘടനാ പ്രവർത്തകർ പിടിയിലായ ശോഭയുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ വാങ്ങാനെന്ന വ്യാജേനെ കുട്ടിയെ മൈസൂരുവിലെത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ധാരണപ്രകാരം ശോഭയും തുളസികുമാറും പെൺകുട്ടിയുമായി മൈസൂരുവിലെത്തി. പൊലീസിനെ വിവരമറിയിച്ചാണ് സംഘടനാ പ്രവർത്തകർ എത്തിയത്. കുട്ടിക്ക് പറഞ്ഞ വില കുറക്കണമെന്ന് പറഞ്ഞ് പ്രവർത്തകർ പ്രതികളെ പിടിച്ച് നിർത്തി. ഇതിനിടെ പൊലീസ് സ്ഥലത്തെത്തി ശോഭയേയും തുളസീകുമാറിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

കുട്ടി തന്‍റെ മകളാണെന്നാണ് ശോഭ ആദ്യം പറഞ്ഞത്. പിന്നീട് മരുമകളാണെന്നും ദത്തെടുത്തതാണെന്നും പറഞ്ഞു. ചോദ്യം ചെയ്യലിൽ ഇത് കള്ളമാണെന്ന് മനസിലായി.സംഭവത്തിന് പിന്നിൽ വലിയ റാക്കറ്റ് പിന്നിലുണ്ടെന്നാണ് വിവരം. ഇവരെ ഉടനെ പിടികൂടാനാകുമെന്നുമാണ് പോലീസ് പറയുന്നത്.

Related Articles

Latest Articles