Sunday, December 14, 2025

വയനാട് ദുരന്തം :ഉറ്റവരെ തിരിച്ചറിയാൻ ഡിഎന്‍എ പരിശോധന; സാമ്പിളെടുക്കാൻ മാനസികാരോഗ്യ പ്രോട്ടോകോൾ തയ്യാറെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പുലർച്ചെ പാഞ്ഞെത്തിയ ഉരുൾപ്പൊട്ടൽ ദുരന്തം നൽകിയ ഞെട്ടലിൽ നിന്ന് കരകയരുവാനായിട്ടില്ല വയനാടിന്. ഇതുവരെ 365 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. കണ്ടുകിട്ടിയ മൃതദേഹങ്ങളിൽ 217 എണ്ണം തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കാണാതായ ചിലരെങ്കിലും തിരിച്ചറിയാത്ത മൃതദേഹങ്ങളിൽ ഉണ്ടോ എന്ന സംശയത്തിലാണ് അധികൃതർ.

ഇക്കാര്യത്തിൽ പരിശോധന നടത്താൻ കാണാതായവരുടെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളെടുക്കുന്നതിന് മാനസികാരോഗ്യ പിന്തുണയ്ക്കുള്ള പ്രോട്ടോകോള്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങള്‍ മാത്രം ലഭിച്ചവയുടെയും സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.

കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരെ തേടി ആരെങ്കിലും എത്തുമ്പോള്‍ അവരുടെ സാമ്പിളുകള്‍ കൂടി എടുത്ത് ഡിഎന്‍എ പരിശോധന നടത്തിയാല്‍ മരിച്ചത് ആരാണ് എന്നുള്ളത് തിരിച്ചറിയാന്‍ കഴിയും. അതിനുവേണ്ടി ജീവിച്ചിരിക്കുന്നവരുടെ പ്രത്യേകിച്ച് ദുരന്തത്തിന് ഇരയായവരുടെ സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് എടുക്കുമ്പോള്‍ മാനസികമായി അവരെ സജ്ജമാക്കുന്നതിനാണ് മാനദണ്ഡങ്ങള്‍ തയ്യാറാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

ദുരന്തത്തിന്റെ തീവ്രതയും പ്രിയപ്പെട്ടവരെ സംബന്ധിച്ച ആശങ്കയും വലിയ രീതിയില്‍ അനുഭവിക്കുന്നവരെ മാനസികമായി അതിന് സജ്ജമാക്കുകയും അവരുടെ ഹൃദയവിചാരങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് എന്താണ് പരിശോധന എന്നുള്ളതും എന്താണതിന്റെ പ്രാധാന്യം എന്നുള്ളതും വളരെ സൗമ്യമായി പറഞ്ഞു മനസ്സിലാക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ മാനദണ്ഡങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

Related Articles

Latest Articles