Monday, December 29, 2025

അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമർശനം ! പി പി ദിവ്യയെ ന്യായീകരിച്ച് സിപിഎം

കണ്ണൂര്‍ : അഴിമതി ആരോപണത്തിന് പിന്നാലെ കണ്ണൂർ എഡിഎം നവീൻ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ ന്യായീകരിച്ച് സിപിഎം . അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമർശനമാണ് നടന്നതെന്നാണ് സിപിഎം വിശദീകരണം. എന്നാൽ യാത്രയയപ്പ് ചടങ്ങില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

“നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയ ജില്ലാ സെക്രട്ടേറിയറ്റ് ദുഃഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം പങ്കുചേരുന്നും. തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ്. തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒഴിവാക്കേണ്ടതായിരുന്നു. ഉയര്‍ന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു- സിപിഎം പ്രസ്താവനയില്‍ പറയുന്നു.

അതേസമയം കണ്ണൂർ എഡിഎം നവീൻ ബാബുവിന്റ മരണത്തിൽ . കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ദിവ്യയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. കൂടുതൽ പ്രതിഷേധ പരിപാടികൾ ഉണ്ടായേക്കാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയാണ് ജില്ലാ പഞ്ചായത്ത് ഓഫീസിന് മുൻപിൽ പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

യുവമോർച്ചയുടെ പ്രതിഷേധമാണ് ആദ്യമുണ്ടായത്. ബാരിക്കേഡുകൾ മറികടന്ന യുവമോർച്ചാ പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയത് നീക്കി. പിന്നാലെയാണ് പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെത്തിയത്. ജില്ലാ കലക്ടർക്കെതിരെയും പ്രതിഷേധം അരങ്ങേറി.

മരിച്ച എഡിഎം നല്ല ഉ​ദ്യോ​ഗസ്ഥനായിരുന്നുവെന്ന് റവന്യു മന്ത്രി സമ്മതിച്ചതായും നടന്നത് കൊലപാതകത്തിന് തുല്യമായ സംഭവമാണെന്നും അദ്ദേഹം അഴിമതിക്കാരനെന്ന് പ്രതിപക്ഷ സംഘടനകൾക്ക് പോലും അഭിപ്രായം ഇല്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

Related Articles

Latest Articles