Friday, June 14, 2024
spot_img

മമത ഭയക്കുന്നു; തൃണമൂലിന്റെ വിക്കറ്റുകൾ ഓരോന്നായി വീണു തുടങ്ങി ; രാജിക്ക് ഒരുങ്ങി കൂടുതൽ മന്ത്രിമാർ

കൊൽക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. പശ്ചിമബംഗാള്‍ ഗതാഗത മന്ത്രിയും തൃണമൂല്‍ നേതാവുമായിരുന്ന സുവേന്ദു അധികാരി തല്‍സ്ഥാനം രാജിവച്ചതിന് പിന്നാലെ മമത ബാനര്‍ജി സര്‍ക്കാരിലെ കൂടുതല്‍ മന്ത്രിമാര്‍ രാജിക്കൊരുങ്ങുന്നതായി വാർത്തകൾ പുറത്തു വരുന്നു. മുതിര്‍ന്ന തൃണമൂല്‍ നേതാക്കൾക്കൊപ്പം രണ്ട് മന്ത്രിമാര്‍ ഉടന്‍ തന്നെ പാര്‍ട്ടി വിട്ടേക്കുമെന്നാണ് വിവരം. കൂച്ച്‌ ബെഹാര്‍ തെക്ക് എംഎല്‍എയായ മിഹിര്‍ ഗോസ്വാമി വെള്ളിയാഴ്ച തൃണമൂലില്‍ നിന്ന് രാജിവച്ച്‌ ബിജെപിയില്‍ ചേര്‍ന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ വലിയ പ്രതിസന്ധിയിലേക്കാണ് തൃണമൂലും മമത സര്‍ക്കാരും എത്തിച്ചേര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാജിവച്ച ഗതാഗത മന്ത്രി സുവേന്ദു അധികാരി മന്ത്രിസ്ഥാനത്തിന് പുറമേ ഹൂഗ്ലി റിവര്‍ ബ്രിഡ്ജ് കമ്മീഷന്‍ ചെയര്‍മാന്‍, ഹാല്‍ഡിയ ഡവലപ്മെന്റ് അതോറിറ്റി ചെയര്‍മാന്‍ എന്നീ പദവികളും രാജിവച്ചു. കാന്തി എംപിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ശിശിര്‍ അധികാരിയുടെ മകനായ സുവേന്ദു അധികാരിയുടെ രാജി പാര്‍ട്ടിയിലെ വലിയ ഭിന്നതയുടെ സൂചനയാണ്. ശിശിര്‍ അധികാരി അടക്കമുള്ള വലിയ വിഭാഗം നേതാക്കള്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മമതയുടെ ഏകാധിപത്യ ഭരണത്തില്‍ അതൃപ്തിയുള്ള തൃണമൂല്‍ നേതാക്കളും അണികളും പാര്‍ട്ടി വിടുകയാണെന്നും സംസ്ഥാനത്ത് തൃണമൂല്‍ രാജിന്റെ അന്ത്യത്തിന്റെ സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ബിജെപി സംസ്ഥാന നേതൃത്വം പ്രതികരിച്ചു. ഏകാധിപതിയായ മമതയും അഴിമതിക്കാരനായ മരുമകന്‍ അഭിഷേക് ബാനര്‍ജിയും നയിക്കുന്ന തൃണമൂലിനോടുള്ള പ്രതിഷേധമാണ് അവിടെ കാണുന്നതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാസ് വിജയവര്‍ഗ്ഗീയ പ്രതികരിച്ചു. ആത്മാഭിമാനമുള്ളവര്‍ക്ക് അവിടെ നില്‍ക്കാനാവില്ലെന്നും കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്കെത്തുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി അറിയിച്ചു.

Related Articles

Latest Articles