ദില്ലി: പശ്ചിമഘട്ട മലനിരകൾ വൻ അപകടത്തിലെന്നു മുന്നറിയിപ്പു നൽകി യുനെസ്‌കോ. കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളുടെ ജീവനാഡിയായ പശ്ചിമഘട്ടം അപായ മുനമ്പിലെന്ന് യുനെസ്കോയുടെ പരിസ്ഥിതി റിപ്പോർട്ട് വ്യക്തമാക്കുന്നു. അടിയന്തര സംരക്ഷണ നടപടികളുണ്ടായില്ലെങ്കിൽ ജൈവവൈവിധ്യങ്ങൾക്കൊപ്പം പശ്ചിമഘട്ടത്തെ ആശ്രയിക്കുന്ന ജനതയുടെ ജീവിതം ദുരിതപൂർണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. പ്രകൃതിസംരക്ഷണത്തിൽ യുനെസ്കോയുടെ ഔദ്യോഗിക ഉപദേശകസമിതിയായ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ.) ആണ് അവലോകന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ആദ്യമായാണ് പശ്ചിമഘട്ടമെന്ന അപൂർവ ജൈവവൈവിധ്യ മണ്ഡലത്തിന്റെ സംരക്ഷണത്തിൽ യുനെസ്കോ ആശങ്ക അറിയിക്കുന്നത്. റിപ്പോർട്ട് പ്രകാരം ‘ഗൗരവതരമായ ഉത്കണ്ഠ’ വേണ്ട ഇടമായാണ് പശ്ചിമഘട്ടത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽനിന്ന് ഈ പട്ടികയിലുള്ള മറ്റൊരിടം അസമിലെ മനാസ് വന്യജീവിസങ്കേതമാണ്. പശ്ചിമഘട്ടത്തിന്റെ ജൈവമണ്ഡലം തന്നെ അതിരുകടന്ന ചൂഷണംമൂലം ഭീഷണിയിലാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം, അതിതീവ്ര മഴ-വേനൽ, ജല-വായു മലിനീകരണം, വിനോദസഞ്ചാര പ്രവൃത്തികൾ, വനനശീകരണം, വേട്ടയാടൽ, വനത്തിനുള്ളിലെ റോഡ്-റെയിൽ പദ്ധതികൾ, ഡാമുകൾ, ഖനി-ക്വാറി വ്യവസായങ്ങൾ, കാട്ടുതീ തുടങ്ങിയവയാണ് പശ്ചിമഘട്ടത്തെ നാശോന്മുഖമാക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിനെ മറികടക്കാൻ പ്രകൃതിസംരക്ഷണത്തിന് മധ്യ-ദീർഘകാല പദ്ധതികൾ വേണമെന്നാണ് ഐ.യു.സി.എന്നിന്റെ വിലയിരുത്തൽ.
എന്തുകൊണ്ട് പശ്ചിമഘട്ടം സംരക്ഷിക്കണം?
കേരളത്തിന്റെ ഭൂമിശാസ്ത്രത്തിൽ പ്രഥമ പങ്ക് വഹിക്കുന്ന മലനിരകളാണ് പശ്ചിമഘട്ട മലനിരകൾ. കേരളം പുഴകളാൽ സമൃദ്ധമാകുന്നതിനു കാരണം തന്നെ പശ്ചിമഘട്ടമാണ്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഒരു കോട്ട പോലെ കേരളത്തെ വേർതിരിച്ച് നിറുത്തുന്ന ഈ മല ലോകത്തിലെ ജൈവവൈവിദ്ധ്യ പ്രദാനമായ 10 കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമഘട്ടം.സഹ്യാദ്രി, സഹ്യപർവതം എന്നീ പേരുകളിലും അറിയപ്പെടുന്ന പശ്ചിമഘട്ടം ഇടതൂർന്ന നിത്യഹരിത വനങ്ങൾ കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട് എന്നീ പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 1600 കി.മീറ്ററാണ് ഇതിന്റെ ദൈർഘ്യം. ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും, ജൈവവൈവിധ്യകലവറയുമാണ് പശ്ചിമഘട്ടം. അറബിക്കടലിൽ നിന്ന് വരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തി വർഷാവർഷം മഴപെയ്യിക്കുന്നത് ഈ മലനിരകളാണ്. മഴ വളരെയേറെ ലഭിക്കുന്ന ഈ പ്രദേശം മെച്ചപ്പെട്ട പരിസ്ഥിതിയും ജൈവവൈവിധ്യവുമുള്ളതാണ്. ലോകത്തിലെ 35 ജൈവവൈവിധ്യ സമ്പന്നമായ സ്ഥാനങ്ങളിൽ ഒന്നാണ് പശ്ചിമഘട്ടം. അതിൽത്തന്നെ, അപൂർവമായ എട്ട് സ്ഥാനങ്ങൾ തെരഞ്ഞെടുത്തതിലൊന്ന് പശ്ചിമഘട്ടമാണ്. ഈ മലനിരകൾ ഓരോ പ്രദേശത്തും (നിത്യഹരിത ഉഷ്‌ണമേഖലാ വനങ്ങൾ, ചോലമഴക്കാടുകൾ എന്നിങ്ങനെ) വിവിധ സസ്യ-ജന്തു വൈവിധ്യത്തിന്റെ ആവാസകേന്ദ്രമാണ്. സസ്യങ്ങളിൽ, രാജ്യത്തെ ആകെ പുഷ്‌പിക്കുന്ന ചെടികളിൽ 27%, അതായത് 4000 ത്തോളം ഇനങ്ങൾ, 56.6% വരുന്ന (645 തരം) നിത്യഹരിതപുഷ്‌പങ്ങൾ, 682 ഇനം പായലുകൾ, 280 ഇനം വർണലതകൾ എന്നിവയൊക്കെ ഇവിടെ ഉണ്ട്. ജന്തുക്കളിൽ 350 തരം ഉറുമ്പുകൾ, 1000ത്തിൽ പരമെങ്കിലും പ്രാണികൾ, 320 തരം ചിത്രശലഭ ങ്ങൾ, 174 തരം തുമ്പികൾ, 269 തരം ഒച്ചുകൾ, 288 തരം മത്സ്യങ്ങൾ, 500ലേറെ പക്ഷി ഇനങ്ങൾ, 120 തരം സസ്‌തനികൾ എന്നിവയെയും കാണുന്നു.

