Thursday, May 2, 2024
spot_img

വെളുക്കാൻ തേച്ചത് പാണ്ടായപ്പോൾ ..ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടി കോപ്പിയടിക്കാൻ ശ്രമിച്ചപ്പോൾ ലഭിച്ചത് വിവാദങ്ങളുടെ നവകേരളസദസ്; 35 ദിവസത്തെ യാത്രയ്ക്ക് ഇന്ന് തലസ്ഥാനത്ത് തിരശീല വീഴുമ്പോൾ പൊതു ഖജനാവിന് നഷ്ടം ഒരു കോടിയുടെ ബസും അതിലടിച്ച പെട്രോളും !

കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ചുകൊണ്ടിരിക്കെ കോടികൾ മുടക്കി നടത്തിയ കേരളീയം കടുത്ത വിമർശനം ഏറ്റുവാങ്ങവേയാണ് നവകേരള സദസ്സ് പരിപാടി സർക്കാർ പ്രഖ്യാപിക്കുന്നത്. സദസ് യാത്രയ്ക്ക് മാത്രമായി ഒരു കോടിയിലധികം പൊതു ഖജനാവിൽ നിന്ന് മുടക്കി ബസ് വാങ്ങിയത് തുടക്കത്തിലേ പരിപാടിയുടെ പ്രതിഛായ നശിപ്പിച്ചു. മാത്രമല്ല ഉമ്മൻ ചാണ്ടി സർക്കാർ നടപ്പാക്കിയ ജനസമ്പർക്ക പരിപാടിയുടെ എൽഡിഎഫ് വേർഷൻ എന്ന രീതിയിലും വിലയിരുത്തലുകളുണ്ടായി. സാധാരണക്കാരുമായുള്ള സർക്കാറിന്റെ ബന്ധം ഊട്ടിയുറപ്പിക്കാനും ചുവപ്പ് നാടകളിൽ കുടുങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഉമ്മൻ ചാണ്ടി സർക്കാരിന്റെ ജനസമ്പർക്ക പരിപാടിക്ക് കഴിഞ്ഞപ്പോൾ നവകേരളാ സദസ് ജനങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ വഴി പരാതി സ്വീകരിച്ചു. ഈ പരാതികൾ ഇപ്പോൾ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നു. മന്ത്രിമാർ നേരിട്ട് ഇടപെടാതെ ഉദ്യോസ്ഥർ മുഖേന നടത്തിയതോടെ പരിപാടിയുടെ ജനകീയത എന്ന ഭാഗം തന്നെ അപ്രസക്തമായി.

നവകേരള സദസിനിറങ്ങിയ സർക്കാരിന് കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ നിരവധി തിരിച്ചടികളാണ് ഹൈക്കോടതിയിൽ നിന്ന് ഏൽക്കേണ്ടിവന്നത്. പണപ്പിരിവുമുതൽ നവകേരള വേദിവരെ പല ബെഞ്ചുകളിലായി ചോദ്യം ചെയ്യപ്പെട്ടു. നഗരസഭകളിൽ നിന്നും പഞ്ചായത്തുകളിൽ നിന്നും പണം നൽകാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാരോട് ഉത്തരവിട്ടതാണ് ആദ്യം ചോദ്യം ചെയ്യപ്പെട്ടത്.ഒടുവിൽ കൗൺസിൽ അംഗീകാരം ഇല്ലാതെ പണം അനുവദിക്കരുതെന്ന് കോടതി ഉത്തരവിട്ടു.

നവകേരള സദസിനായി സ്‌കൂൾ ബസുകൾ വിട്ടു നൽകണമെന്ന നിർദ്ദേശമാണ് കോടതിയുടെ ഇടപെടലിനെത്തുടർന്ന് അടുത്തതായി പിൻവലിക്കേണ്ടി വന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്ര മൈതാനത്ത് നവകേരള സദസ് നടത്താനുള്ള നീക്കവും ഇത്തരത്തിൽ ഉപേക്ഷിക്കേണ്ടി വന്നു. സ്‌കൂൾ മതിലുകൾ പൊളിച്ച് നവകേരളാ ബസിന് വഴിയൊരുക്കിയതിലും കോടതിയുടെരൂക്ഷവിമർശനം സർക്കാരിന് നേരെയുണ്ടായി. ഇതിനെല്ലാം പുറമെയാണ് മുഖ്യമന്ത്രിയെയും പരിവാരങ്ങളെയും കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ ഇടത് പക്ഷ പ്രവർത്തകർ തല്ലിച്ചതച്ചത്. ഇത് രക്ഷാപ്രവർത്തനം എന്ന രീതിയിൽ മുഖ്യമന്ത്രി ന്യായീകരിച്ചപ്പോൾ ഇത്തരം ആക്രമണങ്ങൾ ആവർത്തിച്ചു. ഒടുവിൽ തല്ല് വാങ്ങി തളർന്ന യൂത്ത് കോൺഗ്രസുകാർ കൊല്ലത്ത് വച്ച് തിരിച്ച് തല്ലാൻ ആരംഭിച്ചു.

കാസർഗോഡ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് നവംബർ 18ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് ഇന്ന് സമാപിക്കുന്നത്. കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്നാണ് എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ പര്യടനം മാറ്റിവച്ചിരുന്നു. അടുത്ത മാസം 1, 2 തീയതികളിൽ ഈ മണ്ഡലങ്ങളിൽ പര്യടനം നടത്തും. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് 5 മണ്ഡലങ്ങളിൽ നവകേരള സദസ്സ് നടക്കും. കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക. വട്ടിയൂർക്കാവ് പോളിടെക്‌നിക്ക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം.

Related Articles

Latest Articles