1971-നു ശേഷം ഇന്ത്യ മനഃപൂർവം നിയന്ത്രണ രേഖ കടന്നു ആക്രമണം നടത്തുന്നത് ഇതാദ്യം. കാർഗിൽ ആക്രമണത്തിന് തിരിച്ചടി കൊടുക്കുമ്പോഴും അതിർത്തി കടക്കരുതെന്ന് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് നിർദേശം നൽകിയിരുന്നു. അതിർത്തി കടന്നു അമ്പതു കിലോമീറ്റർ ഉള്ളിൽ ബോംബ് വര്ഷം നടത്തിയതിലൂടെ ഇന്ത്യൻ സേന ചരിത്രം മാറ്റി എഴുതുകയാണ്.

എന്തുകൊണ്ടാണ് ബാലക്കോട്ടു തിരഞ്ഞെടുത്തത്? രണ്ടു കാരണങ്ങളാണ് പ്രധാനമായും സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഉറി ആക്രമണത്തിന് ശേഷം നടന്ന സർജിക്കൽ സ്ട്രിക്ടിൽ ഇന്ത്യൻ സേന നശിപ്പിച്ചത് ഭീകരരുടെ പരിശീലന കേന്ദ്രങ്ങളും അവിടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ഭീകരരെയുമാണ്. എന്നാൽ ബാലക്കോട്ടിൽ ലക്ഷ്യ മറ്റൊന്നായിരുന്നു. ജെയ്‌ഷെ മുഹമ്മദിന്റെ ആധുനിക സംവിധാനങ്ങളുള്ള കണ്ട്രോൾ റൂമുകൾ ആണ് തകർക്കപ്പെട്ടത്. ഇത് ഇന്ത്യയ്ക്ക് തലവേദനയായ ഭീകരസംഘടനയുടെ നട്ടെല്ല് ഒടിക്കാൻ സാധിക്കുമെന്ന് കരുതുന്നു.

പുൽവാമയെ തുടർന്ന് നിയന്ത്രണരേഖക്ക് സമീപമുള്ള എല്ലാ ഭീകരക്യാമ്പുകളും പാക് അധികൃതർ ഒഴിപ്പിച്ചിരുന്നു. ഇന്ത്യൻ സർജിക്കൽ സ്ട്രൈക്ക് ഭയന്നായിരുന്നു ഇത്. അതും ബാലക്കോട്ടു തെരഞ്ഞെടുക്കാൻ കാരണമായി.ബഹവൽപൂരിനു ശേഷം ജൈഷൈന്റെ ഏറ്റവും വലിയ താവളമാണ് ബാലക്കോട്ട്. ഇത് പാക് അധിനിവേശം കാശ്മീരിലല്ലെന്നും മറിച്ച് പാകിസ്ഥാന്റെ ഉള്ളിൽ തന്നെയാണെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.