തിരുവനന്തപുരം : എഐ ക്യാമറ അടക്കം വിവിധ പദ്ധതികളിൽ ക്രമക്കേട് നടന്നു എന്ന പരാതിയിൽ, വിജിലൻസ് രഹസ്യാന്വേഷണം നടത്തി കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നുള്ള പ്രാഥമിക അന്വേഷണം നടക്കുന്നതിനിടയിലാണ് എഐ ക്യാമറകൾ സ്ഥാപിക്കുന്ന സേഫ് കേരള പദ്ധതിക്ക് മന്ത്രിസഭ തിടുക്കപ്പെട്ട് അംഗീകാരം നൽകിയത്. ഇക്കഴിഞ്ഞ 12ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇതിന് അനുമതി നൽകിയത്. തുടർന്ന് 20ന് മുഖ്യമന്ത്രി വിപുലമായ ചടങ്ങിൽ പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. വിജിലൻസ് അന്വേഷണം പൂർത്തിയാകും മുമ്പ് മുഖ്യമന്ത്രി എഐ ക്യാമറകൾ ഉദ്ഘാടനം ചെയ്തത് എന്തിനെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
കൊല്ലത്തെ ഇന്ത്യൻ ആന്റി കറപ്ഷൻ മിഷനാണ് വിജിലൻസിന് പരാതി നൽകിയതെന്നാണ് സൂചന. കഴിഞ്ഞ വർഷം നവംബറിലാണ് പരാതി നൽകിയത്. പരാതിയിൽ കഴമ്പുണ്ടോ എന്നറിയാൻ വിജിലൻസ് രഹസ്യാന്വേഷണം നടത്തി ഡയറക്ടർക്കു റിപ്പോർട്ട് നൽകി. ട്രാൻസ്പോർട്ട് ജോയിന്റ് കമ്മിഷണറായിരുന്ന രാജീവ് പുത്തലത്തിനെതിരെയായിരുന്നു പരാതി. .
സർക്കാർ ഉദ്യോഗസ്ഥനെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെങ്കിൽ സർക്കാരിന്റെ അനുമതി ആവശ്യമാണ് എന്നാണ് ചട്ടം. ഇതിൻ പ്രകാരം ഫയൽ സർക്കാരിന് അയച്ചു. ഇതിന് ഇക്കഴിഞ്ഞ മാർച്ചിൽ അനുമതി ലഭിച്ചു. പൂജപ്പുരയിലെ സ്പെഷ്യൽ യൂണിറ്റ് ഒന്ന് എസ്പിയാണ് കേസ് അന്വേഷിക്കുന്നത്. ഇതിൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വിജിലൻസ് അന്വേഷിക്കുന്ന ഇടപാടിലൂടെ സ്ഥാപിച്ച ക്യാമറകൾ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തതിനെ പ്രതിപക്ഷം രൂക്ഷമായി വിമർശിക്കുകയാണ്. ഇപ്പോൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതോടെ കോടതി നടപടികളിലൂടെ അന്വേഷണം പ്രഖ്യാപിക്കാനുള്ള സാഹചര്യവും ഒഴിവായി.
അതെ സമയം എഐ ക്യാമറ സ്ഥാപിക്കാനുള്ള പദ്ധതിക്കുള്ള തുക എവിടെനിന്നു കണ്ടെത്തുമെന്നു സർക്കാർ ഉത്തരവിലുണ്ടായിരുന്നില്ല. ക്യാമറ, കൺട്രോൾ റൂം എന്നിവയ്ക്കു കെൽട്രോൺ ഗ്യാരന്റി വാഗ്ദാനം ചെയ്തിട്ടില്ല. കേടായ ക്യാമറകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകളും കരാറില്ല. പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റ് ആയി മാത്രം കെൽട്രോൺ പ്രവർത്തിക്കണമെന്ന ധനകാര്യവകുപ്പിന്റെ നിർദേശം കാറ്റിൽ പറത്തിയാണ് കെൽട്രോൺ കമ്പനികളിൽ നിന്ന് ഉപകരണങ്ങൾ വാങ്ങിയത്. സേഫ് കേരള പദ്ധതിയിലെ പ്രവൃത്തികൾ ഏതാണ്ട് പൂർത്തിയായത് കണക്കിലെടുത്തും സർക്കാർ എല്ലാ ഘടകങ്ങളുടെയും അനുമതി പല ഘട്ടങ്ങളിലായി നൽകിയതിനാലും ഉപകരണങ്ങൾ ഇതിനകം സ്ഥാപിച്ചതിനാൽ വർക്ക് ഓർഡർ റദ്ദു ചെയ്യാൻ കഴിയാത്തതിനാലും പദ്ധതിക്ക് അനുമതി നൽകുന്നു എന്നാണ് ഗതാഗത വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതുതന്നെ പ്രഥമ ദൃഷ്ട്യ തന്നെ ക്രമക്കേട് നടന്നു എന്നതിന് സൂചന നൽകുന്നു
വിജിലൻസ് അന്വേഷണം ആരംഭിച്ചതോടെ എഐ ക്യാമറ സംബന്ധിച്ച ഫയലുകൾ വകുപ്പുകളിൽ നിന്നു പിടിച്ചെടുക്കാനാകും. അന്വേഷണം നടക്കുന്നതിനാൽ വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങളെയും ഒഴിവാക്കാം.

