മോസ്കോ ; റഷ്യയിലെ ഭരണപക്ഷ പാർട്ടി അംഗങ്ങളും പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ അടുത്ത അനുയായികളുമായ രണ്ടുപേർ ഒരേ ദിവസം മരിച്ചു. നികോലെയ് ബോർസ്റ്റോവ് (77), ഴാസ്ഷർബെക് ഉസ്ഡെനോവ് (57) എന്നിവരെയാണ് ഈ കഴിഞ്ഞ ഞായറാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. റഷ്യൻ പാർലമെന്റിന്റെ സഭകളിൽ ഒന്നായ ഡ്യൂമയുടെ ഉപമേധാവിമാരാണ് ഇവർ.
ദീർഘകാലമായി ഉണ്ടായിരുന്ന ഗുരുതര രോഗമാണ് ഉസ്ഡെനോവിന്റെ മരണകാരണമായി വിലയിരുത്തുന്നത്. എന്നാൽ ലിപെറ്റ്സ്കിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബോർസ്റ്റോവിന്റെ മരണകാരണത്തിൽ വ്യക്തതയില്ല.
യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനു ശേഷം ദുരൂഹ സാഹചര്യത്തിൽ മരിക്കുന്ന പ്രമുഖ റഷ്യക്കാരുടെ എണ്ണം കൂടുകയാണ്. കുറഞ്ഞത് 20 പേരെങ്കിലും ഇങ്ങനെ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.
നേരത്തെ യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ ഉസ്ഡെനോവിനും നികോലെയ് ബോർസ്റ്റോവിനും അമേരിക്കയും ചില പാശ്ചാത്യ രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തിയിരുന്നു. റഷ്യയിലെ ഏറ്റവും സമ്പന്നനായ സർക്കാർ ജീവനക്കാരിൽ ഒരാളായാണ് ബോർസ്റ്റോവ് പരിഗണിക്കപ്പെടുന്നത്. 550 ദശലക്ഷം അമേരിക്കൻ ഡോളറാണ് ബോർസ്റ്റോവിന്റെ വരുമാനമെന്നാണ് കണക്കാക്കപ്പെടുന്നത്. ഫോർബ്സിന്റെ പട്ടികയിലും ഇയാൾ ഇടം നേടിയിരുന്നു.

