ദില്ലി : ഇന്ത്യയുടെ വെറ്ററൻ പേസർ മുഹമ്മദ് ഷമിക്കെതിരെ പരാതിയുമായി ഭാര്യ ഹസിൻ ജഹാൻ സുപ്രീം കോടതിയിൽ. ഷമിക്കെതിരായ അറസ്റ്റ് വാറന്റിനുള്ള സ്റ്റേ നീക്കം ചെയ്യണമെന്ന ഹർജി കൊൽക്കത്ത ഹൈക്കോടതി തള്ളിയിനെതിരെയാണ് ഹസിൻ ജഹാൻ സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്. നേരത്തെ കൊൽക്കത്ത സെഷൻസ് കോടതിയാണ് താരത്തിനെതിരെയുള്ള അറസ്റ്റ് വാറന്റ് സ്റ്റേ ചെയ്തത്.
ഷമിക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്നും, സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ഹസിൻ ജഹാന്റെ ഹർജിയിൽ ആരോപിക്കുന്നു. ഇന്ത്യൻ ടീമിന്റെ യാത്രകൾക്കിടെ ഷമി വിവാഹേതര ബന്ധങ്ങൾ തുടരുന്നതായി ഹസിൻ ജഹാൻ പറയുന്നുണ്ട്.
ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ ഷമിയും കുടുംബവും ഉപദ്രവിച്ചെന്നും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായും ഹസിൻ ജഹാൻ ഹർജിയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ നാലു വർഷക്കാലമായി കേസിൽ വിചാരണ നടക്കുന്നില്ലെന്നും സുപ്രീം കോടതിയിൽ നൽകിയ ഹര്‍ജിയിൽ ഹസിൻ ജഹാൻ പറയുന്നു.
2012ലെ ഐപിഎൽ മത്സരങ്ങൾക്കിടയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്ന് സൗഹൃദത്തിലായ ഇരുവരും വൈകാതെ പ്രണയത്തിലാകുകയും തുടർന്ന് വിവാഹിതരാകുകയുമായിരുന്നു. ഷമിയെക്കാൾ പത്ത് വയസ് കൂടുതലായ ഹസിൻ ജഹാന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ബംഗാളിൽ ബിസിനസ്സുകാരനായ ഷെയ്ഖ് സയ്ഫുദ്ദീനായിരുന്നു ഇവരുടെ ആദ്യ ഭർത്താവ്. ആ ബന്ധത്തിൽ രണ്ടു പെൺമക്കളുമുണ്ട്.
2018 മാർച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹ മാദ്ധ്യമങ്ങളിലൂടെ ഹസിൻ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. പിന്നാലെ ഷമിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനം ആരോപിച്ച് അവർ പൊലീസിൽ പരാതിയും നൽകി. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങൾ ചുമത്തിയായിരുന്നു ഇവരുടെ പരാതിയിൽ അന്ന് പോലീസ് ഷമിക്കെതിരെ പൊലീസ് കേസെടുത്തത്.

