Wednesday, January 7, 2026

തൊണ്ടിമുതൽ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുമോ?ആന്‍റണി രാജുവിന് ഇന്ന് നിർണായകം!ഹൈക്കോടതി തീരുമാനിക്കും

കൊച്ചി: ഗതാഗതവകുപ്പ് മന്ത്രിയായിരുന്ന ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ് ഇന്ന് അടുത്ത ഘട്ടത്തിലേക്ക്.കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ വിചാരണ നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. . കേസിൽ നീതി പൂർവമായ വിചാരണ വേണമെങ്കിൽ സ്പെഷൽ പ്രോസിക്യൂട്ടർ വേണമെന്നാണ് സ്വകാര്യ ഹർജിയിലെ ആവശ്യം.1990 ഏപ്രില്‍ 4നാണ് ഉൾവസ്ത്രത്തില്‍ ഹാഷിഷുമായി ആന്‍ഡ്രൂ സാല്‍വാദോര്‍ സാര്‍ലി എന്ന ഓസ്‌ട്രേലിയന്‍ സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായത്. ഇയാളെ ശിക്ഷയില്‍നിന്നു രക്ഷപ്പെടുത്താന്‍ തൊണ്ടിയായ ഉൾവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നാണു കേസ്. കേസില്‍ ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികള്‍. 2014 ഏപ്രില്‍ 30-നാണ് കേസ് വിചാരണയ്ക്കായി പരിഗണിക്കാന്‍ തുടങ്ങിയത്. ഈ കേസില്‍ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തു ആന്റണി രാജു സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മയക്കുമരുന്നുമായി പിടിയിലായ ഓസ്‌ട്രേലിയന്‍ സ്വദേശിയെ കേസില്‍ നിന്നും രക്ഷിക്കാന്‍ വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്നാണ് ആരോപണം. ആന്റണി രാജുവിന്റെ സീനിയറായ അഭിഭാഷക സെലിന്‍ വില്‍ഫ്രഡാണ് വിദേശിക്കുവേണ്ടി കോടതിയില്‍ ഹാജരായത്. മയക്കുമരുന്ന് കേസില്‍ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. പക്ഷേ ഹൈക്കോടതി സാര്‍ലിയെ വെറുതെവിട്ടു. ഇയാള്‍ രാജ്യം വിടുകയും ചെയ്തു. പ്രധാന തൊണ്ടിമുതലായ വിദേശി ധരിച്ചിരുന്ന ഉൾവസ്ത്രം വിദേശിക്ക് പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് വെറുതെവിട്ടത്.

Related Articles

Latest Articles