Wednesday, December 24, 2025

അവിഹിതം, വേശ്യ, ജാരസന്തതി തുടങ്ങീ നാൽപതോളം പദങ്ങളും പദപ്രയോഗങ്ങളും കോടതിയിൽ നിന്ന് പുറത്തേക്ക് ; ശൈലീ പുസ്തകമിറക്കി സുപ്രീം കോടതി

ദില്ലി : ഉത്തരവുകളിൽ ലിംഗവിവേചനപരമായ പരാമർശങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ‘ഹാൻഡ് ബുക്ക് ഓൺ കോംബാറ്റിങ് ജെൻഡർ സ്റ്റീരിയോടൈപ്സ്’ എന്ന പേരിൽ സുപ്രീംകോടതി ശൈലീപുസ്തകം പുറത്തിറക്കി . അവിഹിതം, പ്രകോപന വസ്ത്രധാരണം, വേശ്യ തുടങ്ങിയ വാക്കുകൾക്ക് പുറമെ നാല്‍പ്പതിലധികം ഭാഷാപ്രയോഗങ്ങള്‍ക്ക് പകരം കോടതികളില്‍ ഉപയോഗിക്കാവുന്ന പുതിയ പ്രയോഗങ്ങള്‍ ശൈലീപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവിയിൽ ജഡ്ജിമാർ ഇത്തരം പ്രയോഗങ്ങൾ നടത്തരുതെന്ന് ശൈലീ പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.

‘ഹാൻഡ് ബുക്ക് ഓൺ കോംബാറ്റിങ് ജെൻഡർ സ്റ്റീരിയോടൈപ്സ്’ എന്ന പേരിലുള്ള ശൈലീപുസ്തകം ജഡ്ജിമാർക്കും സഹായകരമാകുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഉത്തരവുകൾ തയാറാക്കുമ്പോൾ ഉപയോഗിക്കേണ്ട വാക്കുകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ശൈലീപുസ്തക പ്രകാരം അഭിസാരിക, അവിഹിതം തുടങ്ങിയ പദങ്ങള്‍ ഇനിമുതല്‍ കോടതികളിലോ കോടതി രേഖകളിലോ ഉപയോഗിക്കരുത്. അഭിസാരിക എന്നതിന് പകരം ‘വിവാഹത്തിന് പുറത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീ’ എന്നാണ് ഉപയോഗിക്കേണ്ടത്. അവിഹിതത്തിന് പകരം ‘വിവാഹത്തിന് പുറത്തുള്ള ബന്ധം’ എന്നാണ് ഉപയോഗിക്കേണ്ടത്. ബന്ധം എന്ന് പറയുന്നതിന് പകരം ‘വിവാഹത്തിന് പുറത്തുള്ള ബന്ധം’ എന്ന് കൃത്യമായി പറഞ്ഞിരിക്കണം.

ജാരസന്തതി എന്ന് ഉപയോഗിക്കുന്നതിന് പകരം ‘വിവാഹിതരല്ലാത്ത മാതാപിതാക്കള്‍ക്ക് ഉണ്ടായ കുട്ടി’ എന്നാണ് ഉപയോഗിക്കേണ്ടത്. പ്രായപൂര്‍ത്തിയാകാത്ത ലൈംഗിക തൊഴിലാളി എന്നതിന് പകരം ‘മനുഷ്യക്കടത്തിന് ഇരയായ കുട്ടി’ എന്നാണ് ഇനി മുതല്‍ പറയേണ്ടത്. കാമവികാരപരമായ ലൈംഗിക വേഴ്ച എന്നതിന് പകരം ‘ലൈംഗിക വേഴ്ച’ എന്ന് മാത്രം പറഞ്ഞാല്‍ മതി. വേശ്യ എന്ന പദത്തിന് പകരം ‘ലൈംഗിക തൊഴിലാളി’ എന്ന് ഉപയോഗിക്കണം. അവിവാഹിതയായ അമ്മയെന്ന് പറയുന്നതിന് പകരം ‘അമ്മ’ എന്ന് പറഞ്ഞാല്‍ മതി.

അവിവാഹിതയായ അമ്മ എന്നതിന് പകരം ‘അമ്മ’ എന്നാണ് ഇനിമുതല്‍ ഉപയോഗിക്കേണ്ടത്. ബലപ്രയോഗത്തിലൂടെയുള്ള ബലാത്സംഗം എന്ന് പറയുന്നതിന് പകരം ‘ബലാത്സംഗം’ എന്ന് പറഞ്ഞാല്‍ മതിയാകും. പൂവാലശല്യത്തെ ‘തെരുവില്‍ നടക്കുന്ന ലൈംഗിക അതിക്രമം’ എന്നാണ് ഇനി മുതല്‍ പറയേണ്ടത്. ലൈംഗിക പീഡനത്തിന് ഇരയാകുന്നവരെ ‘ഇരകള്‍’ എന്നോ, ‘അതിജീവിതകള്‍’ എന്നോ വിശേഷിപ്പിക്കാം. പീഡനത്തിന് ഇരയായവരുടെ ആവശ്യപ്രകാരം ആയിരിക്കണം ഇതില്‍ ഏത് പ്രയോഗം എന്ന് തീരുമാനിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കര്‍ത്തവ്യബോധമുള്ള ഭാര്യ, വിശ്വസ്തയായ ഭാര്യ, നല്ല ഭാര്യ, അനുസരണയുള്ള ഭാര്യ എന്നിവയ്ക്ക് പകരം ഇനി മുതല്‍ ‘ഭാര്യ’ എന്ന് ഉപയോഗിച്ചാല്‍ മതി. വീട്ടമ്മ എന്നതിന് പകരം ‘ഗാര്‍ഹിക പരിപാലനം നടത്തുന്നവര്‍’ എന്നാണ് ഉപയോഗിക്കേണ്ടത്. ഇന്ത്യന്‍ വനിത, പാശ്ചാത്യ വനിത എന്നിവയ്ക്ക് പകരം ‘വനിത’ എന്ന് ഉപയോഗിക്കണം

Related Articles

Latest Articles