കോഴിക്കോട്: വിവാഹ ദിവസം പ്രതിശ്രുത വധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയാണ് (30) മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ നഴ്‌സിങ് വിദ്യാർത്ഥിനിയായിരുന്നു. അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായി മേഘയുടെ വിവാഹം ഇന്നലെ നടത്താനാണ് നിശ്ചയിച്ചിരുന്നത്.
രാവിലെ ബ്യൂട്ടീഷൻ വന്നതോടെ കുളിച്ചുവരാമെന്ന് പറഞ്ഞ് കുളിമുറിയിൽ കയറിയ മേഘ തൂങ്ങിമരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും പുറത്തുവരാത്തതിനെ തുടർന്ന് വെന്റിലേഷൻ തകർത്ത് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. അസ്വാഭാവിക മരണത്തിനു ചേവായൂർ പൊലീസ് കേസെടുത്തു.

