ദില്ലി : ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ചരിത്രപരമായ വനിതാ സംവരണ നിയമം (നാരീശക്തി വന്ദൻ അധിനിയമം 2023) ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. കേന്ദ്ര നിയമ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ഏപ്രിൽ 16 മുതലാണ് നിയമം നിലവിൽ വന്നത്. 2023 സെപ്റ്റംബറിൽ പാർലമെന്റ് പാസാക്കിയ ഈ സുപ്രധാന ഭേദഗതി നിയമം, വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഭരണഘടനാപരമായ പ്രാബല്യം നേടുന്നത്. ഇതോടെ നിയമനിർമ്മാണ സഭകളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള നിയമപരമായ തടസ്സങ്ങൾ നീങ്ങിയിരിക്കുകയാണ്.
ഭരണഘടനയുടെ 106-ാം ഭേദഗതി ആക്ട് പ്രകാരം ഏപ്രിൽ 16 മുതൽ നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായാണ് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്. എന്നാൽ നിയമം പ്രാബല്യത്തിൽ വന്നുവെങ്കിലും നിലവിലെ സഭകളിൽ ഇത് നടപ്പിലാക്കാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. അടുത്ത സെൻസസിനെത്തുടർന്ന് നടത്തുന്ന മണ്ഡല പുനർനിർണ്ണയ പ്രക്രിയകൾ പൂർത്തിയായാൽ മാത്രമേ സംവരണം പൂർണ്ണതോതിൽ നടപ്പിലാക്കാൻ സാധിക്കൂ. ചില സാങ്കേതിക കാരണങ്ങളാലാണ് ഇപ്പോൾ നിയമം വിജ്ഞാപനം ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം.
2023-ലെ നിയമമനുസരിച്ച് 2034-ഓടെ മാത്രമേ സംവരണം പ്രായോഗികമായി നടപ്പിലാക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ ഇത് 2029-ലെ പൊതുതെരഞ്ഞെടുപ്പിൽ തന്നെ നടപ്പിലാക്കാൻ ലക്ഷ്യമിട്ടുള്ള ഭേദഗതി ചർച്ചകൾ പാർലമെന്റിൽ പുരോഗമിക്കവെയാണ് പുതിയ വിജ്ഞാപനം പുറത്തുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 2027-ലെ സെൻസസിന് ശേഷമുള്ള മണ്ഡല പുനർനിർണ്ണയം സംവരണത്തിന് അനിവാര്യമാണ്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി നീക്കിവെക്കുന്നതോടെ രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ സ്ത്രീകളുടെ നിർണ്ണായകമായ പ്രാതിനിധ്യം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.

