തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറില്ലെന്ന് വീണ്ടും ആവർത്തിച്ച് മുഖ്യമന്ത്രി. ഭാവി തലമുറയെ മുന്നിൽ കണ്ടാണ് വികസനമെന്നും പശ്ചാത്തല സൗകര്യങ്ങൾ വർധിക്കണമെന്നും ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്‌ദാനങ്ങൾ സർക്കാർ നൽകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റവന്യൂ വകുപ്പിന് കീഴിൽ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന വില്ലേജ് ജനകീയ സമിതിയുടെ ഉദ്ഘാടനം നിർവഹിക്കുന്ന വേളയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ജനപങ്കാളിത്വത്തോടെ വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയാണ് വില്ലേജ് ജനകീയ സമിതി. ജനകീയാസൂത്രണം പോലുള്ള മാതൃകയാണ് ജനകീയ സമിതി. റവന്യൂ വകുപ്പിലടക്കം 610 സേവനങ്ങൾ ഓൺലൈനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഓരോ രംഗത്തും എന്തല്ലാം ചെയ്യുമെന്ന് ബജറ്റിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കും. അതിനായി സർവ്വകലാശാലകൾ ശാക്‌തീകരിക്കണം. കണ്ണൂർ, കാലിക്കറ്റ്, കൊച്ചി, എംജി, കേരള സർവകലാശാലകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോസ്റ്റൽ സൗകര്യങ്ങൾ ഒരുക്കും. നൈപുണ്യ വികസനത്തിന് ഊന്നൽ നൽകും. ഉന്നത വിദ്യാഭ്യാസ മേഖലയും ആരോഗ്യ രംഗവും വലിയ രീതിയിൽ മാറാൻ പോകുന്നു’- മുഖ്യമന്ത്രി പറഞ്ഞു

