Saturday, December 27, 2025

മുറിവുണങ്ങുന്നു ! രാഷ്ട്രപതി ഭരണം നിലവിൽ വന്ന ശേഷം മണിപ്പുരിൽ കുറ്റകൃത്യങ്ങൾ കുത്തനെ കുറയുന്നു;റിപ്പോർട്ട് പുറത്ത്

ഇംഫാല്‍: രാഷ്ട്രപതി ഭരണം നിലവിൽ വന്ന ശേഷം മണിപ്പുരില്‍ കുറ്റകൃത്യങ്ങള്‍ കുത്തനെ കുറയുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് അക്രമസംഭവങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണവും വംശീയ ആക്രമണങ്ങളും കുത്തനെ കുറഞ്ഞു. ആയുധ – ലഹരിക്കടത്ത് പിടികൂടുന്നത് വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ഫെബ്രുവരി 13 മുതല്‍ ജൂണ്‍ 26 വരെയുള്ള സമയങ്ങളില്‍ ഒരിടത്തുപോലും തീവെപ്പോ അതിക്രമങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 2023 മേയിലാണ് മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ കലാപം തുടങ്ങിയത്. രാഷ്ട്രപതി ഭരണം നിലവില്‍ വന്നതിന് പിന്നാലെ മണിപ്പുർ പോലീസ്, അസം റൈഫിള്‍സ്, കേന്ദ്രസേനകള്‍ എന്നിവർ സംയുക്തമായി വലിയതോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. കലാപത്തില്‍ പങ്കുള്ള ഇരുവിഭാഗങ്ങളിലുമുള്ള തീവ്രസംഘടനകളുടെ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മെയ്തി, കുക്കി സംഘടനകള്‍ അക്രമങ്ങളില്‍ നിന്ന് പിന്മാറി.

അതേസമയം സംസ്ഥാനത്ത് ലഹരിവേട്ട വര്‍ധിച്ചിട്ടുണ്ട്. മണിപ്പുർ പോലീസും അസം റൈഫിള്‍സും ചേര്‍ന്ന് വലിയ തോതിലാണ് ലഹരിമാഫിയയെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഇതുവരെ 84 പേര്‍ ലഹരിവസ്തുക്കളുമായി പിടിയിലായി. ഇതുവരെ 24.4 കിലൊ ഹെറോയിന്‍, 25.7 കിലൊ ബ്രൗണ്‍ ഷുഗര്‍, 31.8 കിലൊ ഒപ്പിയം, 379 കിലൊ കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. വംശീയകലാപത്തിനിടെ പോലീസിന്റെ 6020 ആയുധങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. ഇതില്‍ 2390 ആയുധങ്ങള്‍ തിരികെ പിടിച്ചു. ഇതുവരെ 548 അനധികൃത ബങ്കറുകള്‍ അസം റൈഫിള്‍സ് തകര്‍ത്തു.

Related Articles

Latest Articles