Sunday, December 21, 2025

‘യുപിയിലെ ഗുണ്ടകൾ ഗുണ്ടായിസം മറന്നു’ യോഗിക്ക് കൈയടിച്ച് ഉത്തർപ്രദേശ് ജനത

ഉത്തർപ്രദേശിലെ ഗുണ്ടകൾ ഗുണ്ടായിസം മറന്നുവെന്നും മാഫിയകൾ സംസ്ഥാനം വിട്ടുപോയെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രണ്ട് ദിവസത്തെ സംസ്ഥാന സന്ദർശനത്തിനെത്തിയ ബിജെപി അധ്യക്ഷൻ ജെപി നദ്ദയ്‌ക്കൊപ്പം ഗോരഖ്പൂരിലെ ഗോരഖ്നാഥ് ക്ഷേത്രത്തിൽ പ്രാർഥന നടത്തിയ ശേഷമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്.

പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദലി ജിന്നയെ പിന്തുണച്ച് ശബ്ദമുയർത്തിയ പ്രതിപക്ഷത്തിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. ഒരു വശത്ത് ഇന്ത്യയെ ലോകത്തിൽ കഴിവുള്ളതും ശക്തവുമായ രാഷ്‌ട്രമായി സ്ഥാപിക്കാൻ ഒരു പ്രധാനമന്ത്രിയുണ്ട്, മറുവശത്ത് ജിന്നയുടെ ചിന്താഗതിയിൽ രാജ്യത്തെയും സംസ്ഥാനത്തെയും ജനങ്ങളുടെ അവകാശങ്ങൾക്ക് നേരെ കൊള്ളയടിക്കുന്നവരുണ്ട്.

മഹാത്മാഗാന്ധി, സർദാർ പട്ടേൽ, ജവഹർലാൽ നെഹ്റു, മുഹമ്മദ് അലി ജിന്ന തുടങ്ങിയ നേതാക്കൾക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കുണ്ടെന്ന് സമാജ്‍വാദിപർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞിരുന്നു. ജിന്നയെ ആദരിച്ചതിന് സമാജ്വാദി പാർട്ടി നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ മറ്റ് പാർട്ടികളിൽ നിന്ന് കനത്ത വിമർശനം ഉയർന്നിരുന്നു.

അതിനിടെ അടുത്തവർഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബിജെപി ഉത്തർപ്രദേശിനെ മേഖലകളായി വിഭജിക്കുകയും മൂന്ന് മുൻനിര നേതാക്കൾക്ക് തിരഞ്ഞെടുപ്പിനായി രണ്ട് മേഖലകൾ വീതം നൽകുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് ബ്രജിന്റെയും വെസ്റ്റിന്റെയും ഉത്തരവാദിത്തം, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് അവധും കാശിയും നൽകിയിട്ടുണ്ട്. ജെപി നദ്ദയ്‌ക്ക് ഗോരഖ്പൂരും കാൺപൂരും നൽകിയിട്ടുണ്ട്.

കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, അനുരാഗ് താക്കൂർ എന്നിവരും മറ്റ് നാല് അംഗങ്ങൾക്കുമാണ് തിരഞ്ഞെടുപ്പ് ചുമതലയുള്ളവർ. രാജ്യസഭാ എംപി വിവേക് താക്കൂർ, മുൻ ഹരിയാന മന്ത്രി ക്യാപ്റ്റൻ അഭിമന്യു, ശോഭ കരന്ദലജെ, അർജുൻ റാം മേഘ്വാൾ, അന്നപൂർണാ ദേവി, പാർട്ടി ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എന്നിവർക്ക് സഹചുമതല നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ഉത്തർപ്രദേശിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ ദർശനം നടത്തിയത്. രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും നദ്ദയ്‌ക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്തു.

അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ തുടർഭരണം ഉറപ്പിച്ചുകൊണ്ടാണ് ബിജെപി പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്. യോഗി ആദിത്യനാഥ് തന്നെയാകും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കുക. കരുത്തുറ്റ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി ബിജെപി കരുക്കൾ നീക്കാൻ ആരംഭിച്ചുകഴിഞ്ഞു.

ഉത്തർപ്രദേശിലെത്തിയ നദ്ദ പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തികച്ചും ജനാധിപത്യപരമായ ഒരു പാർട്ടിയിലെ അംഗങ്ങളായതിൽ നാം അഭിമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു സാധാരണ കുടുംബത്തിൽ നിന്നുമുള്ള വ്യക്തി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നതും ഒരു സാധാരണ പാർട്ടി പ്രവർത്തകൻ ആ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനാകുന്നതും അസാദ്ധ്യമാണ്. ബിജെപി സാംസ്‌കാരിക ദേശീയതയിൽ വിശ്വസിക്കുന്ന ഒരു പാർട്ടിയാണ്. എന്നാൽ മറ്റ് പാർട്ടികൾ ഇവിടെ കുടുംബ വാഴ്ചയാണ് നടത്തുന്നത്. ഉത്തർപ്രദേശിന്റെ വികസനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന വ്യക്തികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ട്വിറ്ററിലൂടെ യോഗി ആദിത്യനാഥ് പുറത്തുവിട്ട ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ വൻ ശ്രദ്ധേയമായിരുന്നു. ലക്നൗവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രമാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കുവെച്ചത് . പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും ഗൗരവസംഭാഷണത്തിലേർപ്പെട്ടിരിക്കുന്ന ചിത്രം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിൽ പങ്കുവച്ചതു സമൂഹമാധ്യമങ്ങളിൽ ‘ഭാവി പ്രധാനമന്ത്രി’ ചർച്ചയ്ക്കു തുടക്കമിട്ടു.
ഉത്തർ പ്രദേശ് രാജ്ഭവനിൽവച്ച് യോഗിയുടെ തോളിൽ കയ്യിട്ടു സംസാരത്തിലേർപ്പെട്ട മോദിയുടെ രണ്ടു ചിത്രങ്ങളാണ് ട്വിറ്ററിൽ പങ്കുവച്ചത്. ‘പുതിയ ഇന്ത്യയ്ക്കായി പ്രതിജ്ഞയെടുത്തുകൊണ്ടു ഞങ്ങൾ യാത്ര ആരംഭിച്ചു’ എന്നർഥമുള്ള ഹിന്ദി കവിതയും ഫോട്ടോകൾക്കൊപ്പം യോഗി പങ്കുവച്ചു. യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു രാഷ്ട്രീയ ചർച്ചകളും വിമർശനവും സൃഷ്ടിച്ചിരിക്കുന്നത്.

Related Articles

Latest Articles