Saturday, January 3, 2026

കലാപകാരികളെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചു നേരിടുമെന്ന് യോഗി ആദിത്യനാഥ്; യുപിയില്‍ വെള്ളിയാഴ്‌ച ഉണ്ടായ ആക്രമണങ്ങളുടെ പശ്‌ചാത്തലത്തില്‍ പോലീസ് 24 മണിക്കൂറും ജാഗ്രത പാലിക്കണം

ലഖ്‌നൗ: പ്രവാചക വിരുദ്ധ പരാമര്‍ശത്തിന്റെ പേരിൽ വ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ കടുത്ത മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. യുപിയില്‍ വെള്ളിയാഴ്‌ച ഉണ്ടായ ആക്രമണങ്ങളുടെ പശ്‌ചാത്തലത്തില്‍ പോലീസ് 24 മണിക്കൂറും ജാഗ്രത പാലിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ നിര്‍ദ്ദേശിച്ചു. യുപിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 255 പേരെയാണ് ഇതുവരെ അറസ്‌റ്റ്‌ ചെയ്‌തത്‌.

ഈ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി ശനിയാഴ്‌ച യോഗിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. വെള്ളിയാഴ്‌ച പ്രാര്‍ഥനക്ക് പിന്നാലെ യുപിയിലെ പ്രയാഗ് രാജ്, സഹരന്‍പുര്‍, മൊറാദാബാദ്, ഹത്രസ്, ഫിറോസാബാദ്, അംബേദ്‌കര്‍ നഗര്‍ തുടങ്ങിയ ജില്ലകളില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.

കലാപകാരികളെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചു നേരിടുമെന്ന് യോഗി ആദിത്യനാഥ് തന്നെ മുന്നറിയിപ്പു നല്‍കി. സഹാറന്‍പുരില്‍ 2 പ്രതികളുടെ വീടുകള്‍ അധികൃതര്‍ ഇടിച്ചുനിരത്തി. ഈ മാസം 3ന് കാന്‍പുരില്‍ നടന്ന അക്രമസംഭവങ്ങളില്‍ മുഖ്യ പ്രതിയായ വ്യക്‌തിയുടെ ബന്ധുവിന്റെ ബഹുനില കെട്ടിടങ്ങളും ഇടിച്ചുനിരത്തി. എല്ലാ വെള്ളിയാഴ്‌ചക്കും ശേഷം ഒരു ശനിയുണ്ടെന്ന് കെട്ടിടം തകര്‍ക്കുന്ന ബുള്‍‍ഡോസറിന്റെ ചിത്രത്തോടൊപ്പം യുപി മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്‌ടാവ്‌ മൃത്യുഞ്‌ജയ് കുമാര്‍ ട്വീറ്റ് ചെയ്‌തു.

ബംഗാളില്‍ ഭരണകക്ഷിയായ ത‍ൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള തര്‍ക്കവും തുടരുകയാണ്. ഹൗറ, മുര്‍ഷിദാബാദ് ജില്ലകളിലാണ് സംഘര്‍ഷം തുടരുന്നത്. ബംഗാളിലെ ഹൗറയിലും മുര്‍ഷിദാബാദിലും 14 വരെ ഇന്റര്‍നെറ്റ് വിലക്കി. ഹൗറ സന്ദര്‍ശിക്കാനെത്തിയ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് സുകന്ദ മജൂംദാറിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മടങ്ങിപ്പോകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതെ വന്നതോടെയാണ് അറസ്‌റ്റ്‌ ഉണ്ടായത്. കലാപങ്ങള്‍ക്കു പിന്നില്‍ ചില രാഷ്‌ട്രീയ കക്ഷികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. ‘സംഘര്‍ഷം ഉണ്ടാക്കുന്നവര്‍ക്കെതിരെ ശക്‌തമായ നടപടിയെടുക്കും. ഇനിയും ഇത് അനുവദിക്കാനാകില്ല. ബിജെപിയുടെ പ്രവര്‍ത്തികള്‍ക്ക് സാധാരണക്കാര്‍ എന്തിന് ബുദ്ധിമുട്ടണം’; എന്ന് മമത ട്വീറ്റ് ചെയ്തു.

Related Articles

Latest Articles