കളമശ്ശേരി: കോളജ് കാമ്പസിൽ നിന്നും വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓൺലൈൻ വഴി ബുക്ക് ചെയ്ത ഭക്ഷണം വാങ്ങാൻ കോളജ് കാമ്പസിൽ കാത്തുനിൽക്കുന്നതിനിടയിലാണ് വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചത്. സംഭവത്തെ തുടർന്ന് ആലുവ തേവക്കൽ വടക്കേടത്ത് വീട്ടിൽ അജിത്തിനെയാണ് (34) അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി പത്തോടെ കിൻഫ്രക്ക് സമീപം ന്യുവാൽസ് കാമ്പസിലാണ് സംഭവം. ഓൺലൈൻ വഴി ബുക്ക് ചെയ്ത ഭക്ഷണത്തിനായി സഹപാഠിയുമായെത്തി ഭക്ഷണം എടുക്കാൻ സെക്യൂരിറ്റി കാബിനിൽ കയറിയതായിരുന്നു വിദ്യാർത്ഥിനി. എന്നാൽ ഈ സമയം പുറത്ത് നിന്ന വിദ്യാർത്ഥിനിയെ, കാമ്പസിനകത്തുള്ള എസ്.ബി.ഐ എ.ടിഎമ്മിൽ നിന്ന് പണം സ്വീകരിക്കാനെത്തിയ യുവാവ് കയറിപ്പിടിക്കുകയായിരുന്നു.
ഇതിനു പിന്നാലെ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കളമശ്ശേരി എസ്.എച്ച്.ഒ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

