Friday, May 3, 2024
spot_img

നവകേരള സദസിന്റെ ഭാഗമായി എത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ച സംഭവം ! നാല് DYFI പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂര്‍: നവകേരള സദസിന്റെ ഭാഗമായി എത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ പഴയങ്ങാടിയില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. റമീസ്, അമല്‍ ബാബു, അനുവിന്ദ്, ജിതിന്‍ എന്നിവരെയാണ് പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ 30 പേര്‍ക്കെതിരെയും കരിങ്കൊടി കാണിച്ച ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന, അന്യായമായി സംഘംചേരല്‍, കൊല്ലണമെന്ന ഉദ്ദേശ്യത്തോടുകൂടിയ അക്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്. കല്യാശ്ശേരി ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി. രാഹുലിന്റെ പരാതിയിലാണ് കേസ്.

തിങ്കളാഴ്ച മാടായിപ്പാറയില്‍ കല്യാശ്ശേരി മണ്ഡലം നവകേരളസദസ്സ് കഴിഞ്ഞ് തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുംനേരേ എരിപുരം വൈദ്യുതി ഓഫീസിനു മുന്നില്‍ കരിങ്കൊടി കാണിച്ചപ്പോഴായിരുന്നു ക്രൂരമായ മര്‍ദ്ദനം. ചെടിച്ചട്ടിയും ഹെൽമറ്റും അടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു.

അതേസമയം അക്രമത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ സുധീഷ് വെള്ളച്ചാലിനെ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് മുറിയിലേക്ക് മാറ്റി.കെഎസ്‌യു നേതാവ് സഞ്ജു സന്തോഷിന്റെ കര്‍ണപടം തകര്‍ന്നു.

Related Articles

Latest Articles