Monday, June 17, 2024
spot_img

ലാത്തിയടി കൊണ്ടവർ ആയിരം രൂപ പിഴയൊടുക്കണം; പുലിവാല് പിടിച്ച് യൂത്ത് കോൺഗ്രസ് | Youth Congress

രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍ സമരങ്ങളില്‍ പങ്കെടുക്കുകയും പൊലീസിന് നേരെ തിരിയുകയും പിന്നീട് സംഘര്‍ഷവുമൊക്കെയാകുമ്ബോള്‍ ഇത്തരക്കാര്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ കേസെടുക്കുന്നത് പതിവാണ്.കണ്ടാലറിയാവുന്നവര്‍ക്കെതിരെയും സമരത്തില്‍ ഉള്‍പ്പെട്ട് പൊതുമുതല്‍ നശിപ്പിക്കുന്നതിനുമൊക്കെയാണ് കേസെടുക്കുക. പിന്നീട്, ഇക്കൂട്ടരെ പൊലീസ് വാഹനത്തില്‍ സ്റ്റേഷനില്‍ എത്തിച്ച്‌ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്യും.ഇതിനൊക്കെ പുറമേ, പൊലീസ് ലാത്തിച്ചാര്‍ജില്‍ ലാത്തിയൊടിഞ്ഞതിന് പിഴയൊടുക്കേണ്ട ഗതികേട് കൂടി വന്നാലോ.എന്നാല്‍, ഈ ഗതികേടിലാണ് നിലവില്‍ തൃശ്ശൂര്‍ കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

കൃത്യം ഒരു വര്‍ഷം മുമ്ബ് ജൂലൈ 14നാണ്
കേസിനാസ്പദമായ സംഭവം. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി അഴിമതിയാരോപണങ്ങളുടെ ശക്തമായ പ്രതിഷേധം നടക്കുന്ന സമയം. ലൈഫ് മിഷനിലുണ്ടായ ക്രമക്കേട് ആയുധമാക്കി പ്രതിപക്ഷം സര്‍ക്കാരിനെതിരെ സമരകവചങ്ങള്‍ തീര്‍ത്തു. തൃശ്ശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിലേക്ക് നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചാണ് സംഭവങ്ങളുടെ വേദി. പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു.തുടര്‍ന്ന്, പൊലീസിന് നേരെ പ്രവര്‍ത്തകരുടെ ഗ്വാ ഗ്വാ വിളിയുമുണ്ടായി. ഉദ്ഘാടന പ്രസംഗത്തിനു ശേഷം നേതാക്കള്‍ വേദി വിട്ട് പോയതോടെ വീണ്ടും പ്രവര്‍ത്തകര്‍ പൊലീസിന് നേരെ തിരിഞ്ഞു.സമരക്കാരും പൊലീസുമായുണ്ടായ വാക്ക്തര്‍ക്കം ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.

സംഘര്‍ഷത്തില്‍ പൊലീസിന്‍്റെ ഫൈബര്‍ ലാത്തികള്‍ ഒടിഞ്ഞു.ഇതോടെ കഥ മാറി. പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ലാത്തി പൊട്ടിയതിനെ തുടര്‍ന്ന് സമരത്തില്‍ പങ്കെടുത്ത 22 പേരില്‍ നിന്നായി 1000 രൂപ പിഴ ഈടാക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടിലായി. പിന്നീട്, പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വീണ്ടും തര്‍ക്കത്തിലായെങ്കിലും നേതാക്കള്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു. സമരത്തില്‍ പങ്കെടുത്തതിനും പാര്‍ട്ടിക്കുവേണ്ടി മുദ്രാവാക്യം വിളിച്ചതിനും പുറമേ പൊലീസിന്‍്റെ ലാത്തിക്ക് കൂടി പിഴടയ്ക്കേണ്ട ഗതികേടിലായി ഒടുവില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍.

കൂടാതെ,ഗതാഗത തടസ്സം സൃഷ്ടിച്ച്‌ റോഡ് ഉപരോധിച്ചതിനും പൊതുമുതലിന് നാശം വരുത്തിയതിനും സഹിതം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുക്കുകയും ചെയ്ത ശേഷമാണ് ഇവരെ പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരമായി ഓരോരുത്തരും 1500 രൂപ വീതം കെട്ടിവെക്കണമെന്നാണ് ജില്ല സെഷന്‍സ് കോടതി വിധിച്ചിരുന്നത്. എന്നാല്‍, വിധിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് പിഴയില്‍ ഇളവ് നല്‍കി 1000 രൂപ അടയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. അങ്ങനെ ആയിരം രൂപ ലാത്തിക്ക് പിഴയടച്ച്‌ 22 സമരക്കാരും തടിയൂരി. ഇതിലൂടെ 22,000 രൂപ സര്‍ക്കാരിന് നഷ്ടപരിഹാരമായി ലഭിക്കുകയും ചെയ്തു.

Related Articles

Latest Articles