കേരളം വികസനം വികസനം എന്ന് നാഴികക്ക് 40 വട്ടം പറയുമ്പോഴും നമ്മുടെ മന്ത്രിമാരുടെയോ നേതാക്കന്മാരുടെയോ കണ്ണിൽപെടാത്ത ഒരുപാട് ഇടങ്ങൾ ഉണ്ട് ഇപ്പോഴും വികസിപ്പിക്കാൻ.കണ്ണിൽപെടാത്ത എന്ന് പറയുന്നതിലും നല്ലത് കണ്ടിട്ടും കാണാതെപോകുന്നു എന്ന് പറയുന്നതാണ്.കാരണം, നമ്മുടെ മന്ത്രിമാരും നേതാക്കന്മാരും ഇന്ന് തിരക്ക് കൂട്ടുന്നത് കെ- റെയിൽ എങ്ങനെ നടപ്പാക്കാം എന്നാണ്.പാവപ്പെട്ടവന്റെ കിടപ്പാടം വിറ്റിട്ടാണെങ്കിലും കെ-റെയിൽ കൊണ്ടുവരണം എന്ന ഒരൊറ്റ ലക്ഷ്യമാണ് ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നത്. എന്റെ പൊന്ന് മന്ത്രിമാരെ നേതാക്കന്മാരെ കെ -റെയിൽ അതിവേഗ റെയിൽപാത കൊണ്ടുവരാൻ പോകുന്നതിനു മുൻപ് നിലവിൽ കേരളത്തിലുള്ള ഗതാഗത സംവിധാനത്തെ ആദ്യം ഒന്ന് വികസിപ്പിക്കു . കുറഞ്ഞത് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ എങ്കിലും നടപ്പിലാക്കു . എന്നിട്ട് കൊണ്ട് വാ നിങ്ങടെ അതിവേഗ റെയിൽപാത .
ഇനി വരാൻ പോകുന്നത് മണ്ഡലകാലമാണ്.41 ദിവസത്തെ വ്രതം എടുത്ത് ഭക്തർ ശബരിമല ശാസ്താവിന്റെ അനുഗ്രഹം വാങ്ങാൻ പോകുന്ന കാലം. മണ്ഡലകാലം ആയാൽപ്പിന്നെ ഭക്ത ജനതിരക്ക് എത്രയാണെന്ന് നമുക്ക് ഒന്ന് ഊഹിക്കാവുന്നതേ ഉള്ളു . കല്ലും മുള്ളും ചവിട്ടിയാണ് ഭക്തർ മല കേറുന്നത് .എന്നാൽ ശബരിമലയിലെ കല്ലിനേക്കാളും മുള്ളിനെക്കാളും കഷ്ടമാണ് ശബരിമലയില്ലേക്ക് എത്താനുള്ള പ്രധാന ബസ് സ്റ്റേഷൻ ആയ പത്തനംതിട്ട ബസ് സ്റ്റേഷന്റെ കാര്യം.അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ ശബരിമലയിലേക്ക് എത്തുന്ന ആയിരംകോടി ഭക്ത ജനങ്ങളും യാത്രക്കാരും അനുഭവിക്കുന്നത് ദുരിതങ്ങളാണ് . ഈ അടുത്ത കാലത്താണ് ബസ് സ്റ്റേഷൻ പുതുക്കി പണിതത് .എന്നാൽ ഔദ്യോഗികമായി ഉത്ഘാടനം പോലും നടത്തിട്ടില്ല. ഇതിൽ ഏറെ രസകരം എന്ന് പറയുന്നത് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മണ്ഡലമാണിത് എന്നതാണ് .അടിസ്ഥാന സൗകര്യങ്ങളോ ഇരിക്കാനുള്ള സീറ്റ് പോലുമില്ല.മഴക്കാലം ആയാൽ മഴ നനയാതെ ബസിൽ കേറാൻ കഴിയില്ല .അതിശക്തമായ വേനലിൽ പിഞ്ചു കുഞ്ഞുങ്ങൾ അടക്കം വെയില് കൊണ്ട് വാടി തളരുന്ന അവസ്ഥയാണ് കാണാൻ സാധിക്കുന്നത്.കണ്ടാൽ ഇതൊരു കെ എസ് ആർ ടി സി ബസ് സ്റ്റോപ്പ് ആണെന്ന് പോലും തോന്നില്ല .നോവ കമ്പനിയുടെ പരസ്യം കൊണ്ട് മറച്ചുവെച്ച അവസ്ഥയാണ് പത്തനംതിട്ട ബസ് സ്റ്റേഷന്റേത്.കെ എസ് ആർ ടി സി ബസുകൾ അവിടെ പാർക്ക് ചെയുന്നത്കൊണ്ട് മാത്രമാണ് അതൊരു ബസ് സ്റ്റാൻഡ് ആണെന്നുപോലും മനസിലാകുന്നത് .ഇത്രേം നാണംകെട്ട അവസ്ഥയാണ് ഈ വികസന കേരളത്തിന്റേത് . അധികാരികൾ ഇത് കാണുവാനോ വേണ്ട നടപടികൾ സ്വീകരിക്കാനോ ഇതുവരേം തയ്യാറായിട്ടില്ല .എന്നിട്ടാണ് പാവപ്പെട്ടവന്റെ കിടപ്പാടം കളഞ്ഞിട്ട് എവിടെയോ കിടക്കുന്ന കെ -റെയിൽ കൊണ്ടുവരാൻ പോകുന്നത് .ആദ്യം ഇവിടെ തകരാറിൽ ആയിരിക്കുന്നവ ശരിയാക്കിട്ടു പോരെ കെ -റെയിൽ എന്ന അതിമോഹം .
ഇടതുപക്ഷം ഹൃദയപക്ഷം ആണെന്ന് പറഞ്ഞാൽ മാത്രംപോര ജനങ്ങളുടെ ആവശ്യങ്ങളും ഹൃദയത്തോട് ചേർത്ത് നിർത്തുന്നതാവണം . വോട്ട് ചോദിക്കാൻ വരുമ്പോൾ നൽകുന്ന വാഗ്താനങ്ങൾ പാലിക്കാനും നേതാക്കന്മാർ പഠിക്കണം

