Tuesday, November 10, 2026

ആനി ബെന്നി വധക്കേസ്; കൊലപാതകം വളരെ ആസൂത്രിതമായി ; ആൽബിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കാസർഗോഡ് : ആനി ബെന്നി വധക്കേസിൽ പ്രതിയായ സഹോദരൻ ആൽബിൻ ബെന്നിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വളരെ ആസൂത്രിതമായാണ് ആൽബിൻ കുടുംബത്തെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം . കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചെന്ന് വരുത്തിതീർക്കാനായിരുന്നു ശ്രമമെന്നാണ് പൊലീസ് നൽകുന്ന വിവരം . കുടുംബ സ്വത്തായ നാലര ഏക്കർ സ്ഥലം വിറ്റ് നാടുവിടലായിരുന്നു ലക്ഷ്യം. കേസന്വേഷണം അവസാന ഘട്ടത്തിലാണെന്ന് പൊലീസ് പറയുന്നു. തന്നിഷ്ടം പോലെ ജീവിക്കാമെന്ന ചിന്തയിൽ മാതാപിതാക്കളെയും, സഹോദരിയെയും കൊല്ലാൻ ഐസ്ക്രീമിൽ എലിവിഷം കലർത്തി നൽകുകയായിരുന്നു ഇയാൾ.

തുടക്കത്തിൽ ശരിയായ ചികിത്സ ലഭിക്കാത്തതാണ് ആനി ബെന്നിയുടെ മരണത്തിനിടയാക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം. മ‌ഞ്ഞപ്പിത്തമാണെന്ന് കരുതി നാടൻ വൈദ്യന്റെ അടുത്താണ് ആനിയെ കൊണ്ടുപോയത്. എന്നാൽ, ഐസ്ക്രീമിൽ വിഷം കലർത്തി നൽകി വീട്ടിലുള്ളവരെയെല്ലാം കൊലപ്പെടുത്താൻ ആൽബിൻ പദ്ധതിയിട്ടെന്നാണ് പൊലീസ് കണ്ടെത്തൽ. എലിവിഷം ശരീരത്തിലെത്തിയതിനെ തുടർന്ന് അവശ നിലയിലായ ആൽബിന്റെ അച്ഛൻ ബെന്നി അപകട നില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത് .

സ്വന്തം സ്വഭാവ രീതികളോട് വീട്ടുകാര്‍ അനിഷ്ടം പ്രകടിപ്പിച്ചതും തന്റെ സുഹൃത്തുക്കളെ വീട്ടുകാര്‍ക്ക് ഇഷ്ടമല്ലാത്തതും അല്‍ബിനെ ചൊടിപ്പിച്ചിരുന്നു. കൂടാതെ വീടിന് അടുത്തുള്ള യുവതിയോട് ആല്‍ബിനുണ്ടായിരുന്ന അടുപ്പം വീട്ടുകാര്‍ ഇഷ്ടപ്പെടാതിരുന്നതും പ്രതിക്ക് വൈരാഗ്യം വര്‍ധിപ്പിച്ചു.സഹോദരിയോട് മോശമായി പെരുമാറാന്‍ ശ്രമിച്ചതും അശ്ലീല വിഡിയോ കാണുന്നതും സഹോദരി വീട്ടുകാരോട് പറയുമോ എന്ന ആശങ്കയും പ്രതിക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

കോഴിക്കറിയില്‍ എലി വിഷം കലര്‍ത്തി കുടുംബത്തെ ഇല്ലായ്മ ചെയ്യാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു. അന്ന് വിഷത്തിന്റെ അളവ് കുറഞ്ഞതിനാല്‍ വയറുവേദന മാത്രമായി ഒതുങ്ങി.
ഇവര്‍ മരിക്കാത്തത് വിഷത്തിന്റെ കുറവാണെന്ന് മനസിലാക്കിയതിന് പിന്നാലെ ആല്‍ബിന്‍ എലി വിഷത്തെക്കുറിച്ചു ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്ത് വിവരങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമില്‍ കൂടുതല്‍ അളവില്‍ എലിവിഷം ചേര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം , വൈദ്യ പരിശോധനക്കും, കോവിഡ് പരിശോധനക്കും ശേഷം ആൽബിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് അവധിയായതിനാൽ കാസർകോട് കോടതിയിൽ ഹാജരാക്കുമെെന്നാണ് സൂചന. ഇന്നലെ വൈകിട്ടാണ് ആൽബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയത്.

Related Articles

Latest Articles