ചെന്നൈ: മാസ്‌ക് കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ വസ്ത്ര നിര്‍മാണ യൂണിറ്റുകളില്‍ മാസ്‌ക് നിര്‍മാണം ത്വരിതഗതിയില്‍. നോണ്‍ സര്‍ജിക്കല്‍- നോണ്‍ മെഡിക്കല്‍ മാസ്‌കുകളാണ് കയറ്റുമതി ചെയ്യുക. ഒപ്പം മാസ്‌കുകളില്‍ ഫാഷന്‍ ഡിസൈനര്‍മാരുടെ കൈയൊപ്പും ഉണ്ടാകും
പ്രത്യേക സാഹചര്യത്തില്‍ മാസ്‌ക് കയറ്റുമതിക്ക് 300 കോടി രൂപയുടെ ഓര്‍ഡറുള്ളതിനാല്‍ ഇതിന്റെ നിര്‍മാണത്തില്‍ ശ്രദ്ധിക്കാനാണ് ടെക്സ്റ്റൈല്‍ മേഖലയിലെ സംഘടനകള്‍ യൂണിറ്റുകളോട് ആവശ്യപ്പെട്ടത്. അമേരിക്ക, ബ്രിട്ടന്‍, ആസ്ട്രേലിയ, ഡെന്‍മാര്‍ക്ക്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ഓര്‍ഡര്‍.
നിലവില്‍ ബംഗ്ലാദേശ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് മുഖ്യമായും മാസ്‌ക് കയറ്റുമതി. വിവിധ തുണിത്തരങ്ങളില്‍ പലവിധ ഡിസൈനുകളിലായി നിര്‍മിക്കുന്ന മാസ്‌ക്കുകളിലും ഫാഷന്‍ഭ്രമം വ്യാപകമാവുകയാണ്. ഫാഷന്‍ മാസ്‌ക് നിര്‍മാണത്തില്‍ യൂണിറ്റുകള്‍ മത്സരിക്കുകയാണ്.
ആഗോളതലത്തില്‍ മാസ്‌ക് ധരിക്കല്‍ ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ ആവശ്യകത ഏറെക്കാലം തുടരുമെന്നാണ് തിരുപ്പൂര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
4,000 കോടി രൂപയുടെ കയറ്റുമതി സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഒരുലക്ഷം പേര്‍ക്ക് ഉടന്‍ ജോലി ലഭ്യമാവുമെന്ന് ഇന്ത്യന്‍ ടെക്സ്പ്രണേഴ്സ് ഫെഡറേഷന്‍ ഭാരവാഹികളും വ്യക്തമാക്കി.

