Tuesday, December 23, 2025

ഇന്ന് ഡോക്‌ടേഴ്‌സ് ദിനം; ലോകം നിങ്ങളെ നമിക്കുന്നു

ദില്ലി: ഇന്ന് രാജ്യം ഡോക്ടേഴ്സ് ഡേ ആചരിക്കുന്നു. പ്രശസ്ത ഭിഷഗ്വരനും പശ്ചിമ ബംഗാളിലെ മുൻ മുഖ്യമന്ത്രിയുമായ ബിധാൻചന്ദ്ര റോയിയുടെ സ്മരണാർത്ഥമാണ് രാഷ്ട്രം അദ്ദേഹത്തിന്റെ ചരമദിനം ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്.1882 ജൂലൈ ഒന്നാം തീയതി ജനിച്ച റോയ് ഭാരതം കണ്ട ഏറ്റവും നല്ല ഡോക്ടർമാരിൽ ഒരാളായിരുന്നു.ദിവസേന ഒരു മണിക്കൂർ വീതം അദ്ദേഹം പാവപ്പെട്ട രോഗികളുടെ സൗജന്യ ചികിത്സക്കായി മാറ്റിവച്ചിരുന്നു.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിന്റെ സ്ഥാപനത്തിന് നിർണായകമായ പങ്കു വഹിച്ചവരിൽ ഒരാളായിരുന്നു റോയ്.ആർ.ജി കർ മെഡിക്കൽ കോളേജ് ചിത്തരഞ്ജൻ സേവാസദൻ, വിക്ടോറിയ ഇൻസ്റ്റിറ്റ്യൂഷൻ, ചിത്തരഞ്ജൻ കാൻസർ ഹോസ്പിറ്റൽ, കമല നെഹ്‌റു ഹോസ്പിറ്റൽ, ജദ്വാപൂർ ടിബി ഹോസ്പിറ്റൽ എന്നിവയും റോയ് സ്ഥാപിച്ചതാണ്.

കൽക്കട്ട മേയറായി ചുമതലയേറ്റ അദ്ദേഹം സൗജന്യ ചികിത്സ സൗജന്യ വിദ്യാഭ്യാസം, മികച്ച ജല, വൈദ്യുത സൗകര്യം എന്നിവയിൽ തന്റെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിൽ എത്രത്തോളം തിരക്കുണ്ടായിരുന്നാലും തന്റെ സൗജന്യ ചികിത്സ എന്ന പതിവ് റോയ് നിർത്തിയില്ല.സ്വാതന്ത്ര സമരത്തിൽ സജീവ പങ്കാളിയായിരുന്ന അദ്ദേഹം, ഭാരതം സ്വതന്ത്രമായതോടെ ഉത്തർപ്രദേശിലെ ഗവർണറായി ചുമതലയേറ്റു.വൈദ്യ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും നിസ്തുലമായ സംഭാവനകൾക്ക് ശേഷം കൃത്യം 80 വയസ്സിൽ, 1962 ജൂലൈ ഒന്നിന് തന്നെ റോയ് അന്തരിച്ചു. ഇന്ത്യ ആ മഹാനെ ഭാരതരത്ന നൽകി ആദരിച്ചു.

കോവിഡ് എന്ന മഹാമാരി ഇന്ത്യയെന്ന രാഷ്ട്രത്തെ ആക്രമിക്കുന്നതിനിടയിലെ ഈ ഭിഷഗ്വര ദിനത്തിൽ, ബിധാൻ ചന്ദ്ര റോയിയെപ്പോലെയുള്ള മഹാപ്രതിഭകളെ ഭാരതത്തിലെ ജനങ്ങൾ ആദരപൂർവ്വം സ്മരിക്കുന്നു.

Related Articles

Latest Articles