ആവണി മാസത്തിലെ പൗർണമി നാളിലാണ് രക്ഷാബന്ധൻ ആഘോഷിക്കുന്നത്. രാജ്യമെമ്പാടും ഈ ദിനം വളരെ പവിത്രത്തോടെയും പാവനത്തോടെയുമാണ് ഈ മഹോത്സവം കൊണ്ടാടുന്നത്. സമൂഹത്തിന് മഹത്തായ സഹോദരി-സഹോദര ബന്ധം എന്ന സന്ദേശമാണ് രക്ഷാബന്ധൻ മഹോത്സവം നൽകുന്നത്. മാത്രമല്ല ഈ ബന്ധത്തിന് കൂടുതൽ കരുത്ത് പകരുമെന്ന വിശ്വാസവും ഈ ദിനത്തിനുണ്ട്. ഇത് ഭാരത സംസ്കാരത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്. ക്ഷാബന്ധൻ ദിനത്തിലെ പ്രധാന ചടങ്ങ് രാഖിബന്ധനമാണ്. ഇതിന് ശേഷം മധുരപലഹാരങ്ങളും വിതരണം ചെയ്ത് ചടങ്ങ് ആഘോഷമാക്കിതീര്‍ക്കുന്നു. സ്നേഹവും സഹോദര്യവുമെല്ലാം ഉടലെടുക്കുന്നത് മമതയുള്ള ബന്ധത്തിൽ നിന്നാണ്.
സഹോദരി ഒരു താലത്തിൽ കുങ്കുമം ,അരി, കൊളുത്തിയ ചിരാത് , മധുര പലഹാരങ്ങൾ, രാഖി കെട്ടാനുള്ള ചരട് എന്നിവ തയ്യാറാക്കി വെക്കും. തുടർന്ന്, സഹോദരനെ ആരതി ഉഴിഞ്ഞു, അരിയിട്ട് വന്ദിച്ചതിന് ശേഷം , സഹോദരി സഹോദരന്റെ കൈയിൽ ചുവപ്പ് നിറത്തിലുള്ള രാഖിചരട് കൊടുക്കും . ശേഷം താലത്തിലെ മധുര പലഹാരങ്ങൾ രണ്ടു പേരും പങ്കിട്ടു കഴിക്കും . സഹോദരന്റെ ദീർഘായുസ്സിനായി സഹോദരി പ്രാർത്ഥിക്കുകയും , സഹോദരൻ എന്നും സഹോദരിയുടെ തുണയ്ക്കുണ്ടാവും എന്ന് വാഗ്ദാനം നൽകുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യും.
രക്ഷാബന്ധൻ മഹോത്സവത്തിൻ്റെ ഐതീഹ്യം
ശിശുപാലനുമായുള്ള യുദ്ധത്തിൽ കൃഷ്ണന്റെ കൈയ്ക്ക് പരിക്കേൽക്കുകയും മറ്റൊന്നും ആലോചിക്കാതെ ദ്രൗപദി തന്റെ ചേലത്തുമ്പിന്റെ അറ്റത്തു നിന്നും ഒരു കഷ്ണം കീറിയെടുത്തു കൃഷ്ണന്റെ മുറിവിൽ കെട്ടി കൊടുക്കുകയും ചെയ്തു . ഇതിൽ സംതൃപ്തനായ കൃഷ്ണൻ സമയം ആഗതമാകുമ്പോൾ ഇതിനുള്ള പ്രത്യുപകാരം തീർച്ചയായും ചെയ്തിരിക്കും എന്ന വാഗ്ദാനവും നൽകുന്നു . കൗരവ സഭയിൽ വെച്ച് വസ്ത്രാക്ഷേപത്താൽ അപമാനിതയായ ദ്രൗപദിയെ , തന്റെ കയ്യിൽ ദ്രൗപദി കെട്ടിയ ചേല ഉപയോഗിച്ചാണ് കൃഷ്ണൻ സംരക്ഷിച്ചത് .
വിഷ്ണുപുരാണത്തിൽ രക്ഷാബന്ധനുമായി ബന്ധപ്പെട്ട മറ്റൊരു കഥയുണ്ട്. കടുത്ത വിഷ്ണു ഭക്തനായ ബലി ചക്രവര്‍ത്തി തൻ്റെ സാമ്രാജ്യത്തിൻ്റെ രക്ഷ ഏറ്റെടുക്കണമെന്ന് ഒരിക്കല്‍ മഹാവിഷ്ണുവിനോട് ആവശ്യപ്പെട്ടുഭക്തവത്സലനായ ഭഗവാന്‍ ലക്ഷ്മി ദേവിയും വൈകുണ്ഠത്തേയും ഉപേക്ഷിച്ചു കൊണ്ട് കർതവ്യ നിര്‍വഹണത്തിനായി ബാലിക്കരുകിലേക്ക് പോയി. ഇതില്‍ ദുഖിതയായ ലക്ഷ്മി ദേവി, ഭഗവാനെ തിരിച്ചു കൊണ്ട് വരുന്നതിനായി ഒരു ബ്രാഹ്മണ സ്ത്രീയുടെ വേഷത്തില്‍ ബലിയുടെ അരികില്‍ എത്തുകയും തനിക്കു സംരക്ഷണം നല്കണം എന്നാവശ്യപ്പെടുകയും ബലി സസന്തോഷം അത് അനുവദിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ശ്രാവണ പൗര്‍ണമി ദിനത്തിൽ ചക്രവര്‍ത്തി ബലിയുടെ കൈയില്‍ രാഖി ബന്ധിച്ചു കൊണ്ട് ലക്ഷ്മി ദേവി താന്‍ ആരാണെന്നും, തൻ്റെ ആഗമനോദ്ദേശം എന്താണെന്നും അറിയിച്ചു. ഇത് ശ്രവിച്ചു ലോല ഹൃദയനായ ബലി, ഭഗവാനോട് ദേവിയുടെ കൂടെ പോകണമെന്ന് അപേക്ഷിച്ചതായി വിഷ്ണു പുരാണത്തില്‍ പറയുന്നു

