Thursday, January 8, 2026

ഉത്രയുടെ കുടുംബത്തിന് കുഞ്ഞിനെ കൈമാറി; തര്‍ക്കത്തിന് താത്കാലിക വിരാമം

അഞ്ചല്‍: അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ മകന്റെ സംരക്ഷണാവകാശ തര്‍ക്കത്തിന് താത്കാലിക വിരാമം. ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശപ്രകാരം ഉത്രയുടെ വീട്ടുകാര്‍ക്ക് കുട്ടിയെ സൂരജിന്റെ കുടുംബം കൈമാറി. കുട്ടിയെ ആദ്യം ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, പോലീസിന്റെ ഇടപെടല്‍ നിര്‍ണായകമായി.

ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും, ഒടുവില്‍ ശിശുക്ഷേമ സമിതിയുടെ ഉത്തരവ് സൂരജിന്റെ വീട്ടുകാര്‍ക്ക് പാലിക്കേണ്ടിവന്നു. കുട്ടിയെ ഉത്രയുടെ വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. ഇന്നലെ രാത്രിയില്‍ ഒന്നരവയസുകാരനെ കൊണ്ടുപോകാന്‍ സിഡബ്യുസി ഉത്തരവുമായി പോലീസും, ഉത്രയുടെ ബന്ധുക്കളും അടൂര്‍ പാറക്കോട്ടെ വീട്ടില്‍ എത്തിയെങ്കിലും സൂരജിന്റെ വീട്ടുകാര്‍ വഴങ്ങിയില്ല. കുട്ടിയെ, സൂരജിന്റെ അമ്മയ്‌ക്കൊപ്പം വീട്ടില്‍നിന്ന് മാറ്റി. എറണാകുളത്തേക്ക് പോയെന്നായിരുന്നു മറുപടി.

എന്നാല്‍, രാവിലെ വീട്ടിലെത്തിയ പോലീസിന്റെ സമ്മര്‍ദ്ദത്തിന് വീട്ടുകാര്‍ വഴങ്ങി. സമീപത്തെ ബന്ധുവീട്ടില്‍ കുട്ടിയുണ്ടെന്നും കൈമാറാന്‍ തയ്യാറാണെന്നും അറിയിച്ചു. തുടര്‍ന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ സൂരജിന്റെ വീട്ടിലേക്ക് കുട്ടിയെ കൊണ്ടുവന്നു. ഉത്രയുടെ വീട്ടുകാര്‍ സൂരജിന്റെ വീട്ടിലെത്തി കുട്ടിയെ കൊണ്ടുപോകാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ അതിന് ഉത്രയുടെ അച്ഛന്‍ തയ്യാറായില്ല.

കുട്ടിയെ അഞ്ചലില്‍ എത്തിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഒടുവില്‍ അഞ്ചല്‍ പൊലീസെത്തി കുട്ടിയെ ഏറ്റുവാങ്ങി. സൂരജിന്റെ പിതാവ് സുരേന്ദ്രനൊപ്പം കുട്ടിയെ അഞ്ചലിലേക്ക് കൊണ്ടുപോയി. കുഞ്ഞിനെ ഒളിപ്പിച്ചുവച്ചതിലുള്‍പ്പെടെ നിയമനടപടി നേരിടേണ്ടിവരുമെന്ന് പോലിസ് പറഞ്ഞു. അഞ്ചലില്‍ എത്തിച്ച ശേഷം സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കും കുട്ടിയെ ഹാജരാക്കി

Related Articles

Latest Articles