കോഴിക്കോട്: ആതുസേവനത്തില്‍ മാതൃകയായ ആ മാലാഖയുടെ ഓര്‍മകള്‍ക്ക് ഇന്ന് രണ്ടു വയസ്. നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ അതേ രോഗം ബാധിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനി പുതുശേരി മരിച്ചത് രണ്ടുവര്‍ഷം മുന്‍പ് മേയ് 21നാണ്. ലിനിയുടെ ജ്വലിക്കുന്ന ഓര്‍മകള്‍ക്കു മുന്നില്‍ പ്രണാമമര്‍പ്പിക്കുകയാണ് നാടും നാട്ടുകാരും.
കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് ഗ്രാമത്തില്‍ സൂപ്പിക്കട എന്ന ഉള്‍പ്രദേശത്തുള്ള ഒരു കുടുംബത്തിലെ അംഗങ്ങളേയാണ് നിപ വൈറസ് ആദ്യം ബാധിച്ചത്. വൈറസ് ബാധയേറ്റ നാലുപേരും മരണത്തിന് കീഴടങ്ങി.
രണ്ടാമത്തെ മരണത്തിന് ശേഷമാണ് രോഗബാധ നിപ കാരണമാണെന്ന് കണ്ടെത്തുന്നത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അയച്ച സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് നിപയുടെ സാന്നിധ്യം അറിഞ്ഞത്.

