ജാതിയില്‍ താഴ്ന്നവനായാല്‍ വഴി നടക്കാന്‍ അവകാശമില്ലാതിരുന്ന കാലത്തു ജാതിക്കോമരങ്ങളെ നോക്കി ‘ധിക്കാരമല്ലയോ ജാതി’ എന്നു ചോദിച്ച് പോരാട്ടജീവിതം നയിച്ച പണ്ഡിറ്റ് കെ.പി. കറുപ്പന്റെ ജന്മദിനമാണ് ഇന്ന്. കണ്ടത്തിപ്പറമ്പില്‍ അത്തോപൂജാരിയുടെയും കൊച്ചുപെണ്ണിന്റെയും മകനായി 1885 മേയ് 24നാണ് എറണാകുളം ചേരാനല്ലൂരില്‍ അദ്ദേഹം ജനിച്ചത്.
മഹാകവി കുമാരനാശാന്റെ ‘ദുരവസ്ഥ’യ്ക്കും ഒരു പതിറ്റാണ്ടു മുന്‍പ് 1912ല്‍ ജാതി വ്യവസ്ഥയ്ക്കെതിരെ ശക്തമായ പ്രതികരണമായി ‘ജാതിക്കുമ്മി’ എന്ന കവിത പ്രസിദ്ധീകരിച്ചു. അധഃസ്ഥിത സമുദായങ്ങളുടെ ജീവിത ദുരിതം നെഞ്ചേറ്റിയ പോരാളി പണ്ഡിറ്റ് കറുപ്പന്റെ ഉള്ളില്‍ കിനിഞ്ഞിറങ്ങിയ വേദനയായിരുന്നു ഈ കവിത.
ചരിത്രത്തില്‍ ഇടംപിടിച്ച കായല്‍ സമ്മേളനമാണു ജാതി വ്യവസ്ഥയ്ക്കെതിരെ കറുപ്പന്‍ നടത്തിയ പോരാട്ടങ്ങളില്‍ ശ്രദ്ധേയമായത്. കായല്‍ സമ്മേളനം പുലയമഹാസഭയുടെ രൂപീകരണത്തിലേക്കു വഴിതുറക്കുകയും ചെയ്തു.
അധ്യാപകനായി സര്‍വീസില്‍ പ്രവേശിച്ച പണ്ഡിറ്റ് കറുപ്പന്‍ പ്രാഥമിക വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിറ്റിയുടെ കണ്‍വീനര്‍, കൊച്ചി ഭാഷാ പരിഷ്‌കരണ കമ്മിറ്റി സെക്രട്ടറി, നാട്ടുഭാഷാ സൂപ്രണ്ട്, മദ്രാസ് യൂണിവേഴ്സിറ്റി പൗരസ്ത്യ ഭാഷാ പരീക്ഷാ ബോര്‍ഡ് മെംബര്‍, ചെയര്‍മാന്‍, മഹാരാജാസ് കോളജ് മലയാളം അധ്യാപകന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. കൊച്ചി നിയമസഭാ സമാജികനുമായിരുന്നു. 1938 മാര്‍ച്ച് 23ന് 53 ാം വയസ്സിലാണ് അന്തരിച്ചത്.

