തിരുവനന്തപുരം: വീട്ടുനിരീക്ഷണം ലംഘിക്കുന്നവരെയും വാഹനങ്ങളിലെ അമിതയാത്രക്കാരെയും കണ്ടെത്താന്‍ പോലീസ് മിന്നല്‍ പരിശോധന നടത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഡി.ജി.പി. അറിയിച്ചു.
വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നത് കണ്ടെത്താന്‍ പോലീസ് മിന്നല്‍ പരിശോധന നടത്തും. ബൈക്ക് പട്രോള്‍, ഷാഡോ ടീം എന്നിവയുടെ സേവനം ഇതിനായി ഉപയോഗിക്കും. വീട്ടുനിരീക്ഷണം ലംഘിക്കുന്നതു കണ്ടെത്തിയാല്‍ അവരെ സര്‍ക്കാരിന്റെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിയമനടപടികള്‍ സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവിമാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട് – ഡി.ജി.പി. പറഞ്ഞു.
വാര്‍ഡ് തല സമിതികള്‍, ബൈക്ക് പട്രോള്‍, ജനമൈത്രി പോലീസ് എന്നിവരുടെ പരിശോധനയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്നും നിരീക്ഷണത്തില്‍ കഴിയുന്നവരോട് അടുത്ത് ഇടപഴകിയ ശേഷം വീട്ടുകാര്‍ മറ്റു വീടുകള്‍ സന്ദര്‍ശിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഡി.ജി.പി. പറഞ്ഞു.
ഇതുകൂടാതെ ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, കാറുകള്‍ എന്നിവയില്‍ അനുവദനീയമായതില്‍ കൂടുതല്‍ പേര്‍ യാത്രചെയ്യുന്നത് നിരുത്സാഹപ്പെടുത്തുമെന്നും ഇത്തരം പ്രവണതകള്‍ തടയുന്നതിനായി വാഹനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുമെന്നും ട്രാഫിക്കിനു കാര്യമായ തടസ്സമുണ്ടാകാത്ത തരത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ബാരിക്കേഡ് സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

