മുംബൈ:അതിശക്ത ചുഴലിക്കാറ്റായി മാറിയ നിസർഗ മുംബൈ തീരം തൊട്ടതോടെ മഹാരാഷ്ട്രയില്‍ കനത്ത ഭീതി. മുംബൈയിൽ നിന്നു 100 കിലോമീറ്റർ അകലെ അലിബാഗിലാണ് കര തൊട്ടത്. റായ്ഗഡിലും അലിബാഗിലും വ്യാപകനാശം. മുംബൈ നഗരത്തില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി. മുംബൈ വിമാനത്താവളം അടച്ചു. ചേരികളില്‍ വെള്ളക്കെട്ട് ആയതോടെ ജനജീവിതം ദുരിത നടുവിലായി. വൈദ്യുതി, ഫോണ്‍ ലൈനുകള്‍ താറുമാറായി, താനെയില്‍ നടപ്പാലം തകര്‍ന്നു. അലിബാഗിൽ കടൽക്ഷോഭവും പേമാരിയുമാണ്. മുംബൈയിൽ ഉയർന്ന തിരമാലയും കനത്ത മഴയും കാറ്റും അനുഭവപ്പെടുന്നു. അടുത്ത മൂന്നു മണിക്കൂർ നിസർഗ മുംബൈ തീരത്ത് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കടലാക്രമണവും രൂക്ഷമാകും. കേരളത്തിൽ പരക്കെ മഴ ലഭിക്കും. ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

