കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്നും വിചാരണ കോടതിയില്‍ ഹാജരായില്ല. കഴിഞ്ഞമാസം ബിഷപ് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഇന്ന് നിര്‍ബന്ധമായും നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ താന്‍ താമസിക്കുന്ന സ്ഥലം കണ്ടെയ്‌മെന്റ് സോണ്‍ ആയതിനാല്‍ കോടതിയില്‍ ഹാജരാകുന്നതിന് അനുമതി ലഭിച്ചില്ലെന്ന് ബിഷപ് ഫ്രാങ്കോ അഭിഭാഷകന്‍ മുഖേന കോടതിയില്‍ അറിയിച്ചു. ഇതേതുടര്‍ന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി കേസ് ഈ മാസം 13ലേക്ക് മാറ്റി.
കേസില്‍ ഇന്ന് പ്രതിയെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനാണ് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നത്. അതിനിടെ, കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസില്‍ സ്‌റ്റേ അനുവദിക്കണമെന്ന ബിഷപിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.

