ദില്ലി: ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം വന്ദേ മാതരം ഏറ്റുചൊല്ലാൻ വിസമ്മതിച്ച് നിശ്ശബ്ദനായിരിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചെങ്കോട്ടയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി വന്ദേ മാതരം മുഴക്കിയത് സദസ്യർ ഒന്നടങ്കം ഏറ്റുചൊല്ലിയെങ്കിലും കെജ്‌രിവാൾ അവർക്കൊപ്പം ചേരാതെ നിശബ്ദത പാലിച്ചു. കേന്ദ്രമന്ത്രിമാർക്കൊപ്പം ഇരിക്കുന്ന കെജ്‌രിവാൾ നിമുദ്രാവാക്യം മുഴക്കാൻ വിസമ്മതിച്ച് നിശബ്ദനായി ഇരിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
കേന്ദ്രമന്ത്രിമാരായ മുഖ്താർ അബ്ബാസ് നഖ്‌വി, നിതിൻ ഗഡ്കരി, ജെ.പി. നദ്ദ, രമേഷ് പോഖ്രിയാൽ നിഷാങ്ക് എന്നിവരും വീഡിയോയിൽ കെജ്രിവാളിനൊപ്പമുണ്ട് . പ്രധാനമന്ത്രി വന്ദേ മാതരം എന്ന മുദ്രാവാക്യം ഉയർത്തുമ്പോൾ ഇവരെല്ലാം കൈകൾ ഉയർത്തി അത് ഏറ്റുചൊല്ലുന്നുണ്ട്. വീഡിയോ പുറത്തുവന്നതിനു പിന്നാലെ ദില്ലി ബിജെപി പ്രസിഡന്റ് മനോജ് തിവാരി പ്രതിഷേധവുമായി രംഗത്തെത്തി. പ്രധാനമന്ത്രി ചെങ്കോട്ടയുടെ കോട്ടകൊത്തളങ്ങളിൽ വെച്ച് ഭാരത മാതാവിന് ജയ് വിളിച്ചു. ഈ വ്യക്തിക്ക് ഭാരത മാതാവിന് ജയ് വിളിക്കാൻ എന്താണ് പ്രയാസമെന്ന് മനസ്സിലാകുന്നില്ലെന്ന് തിവാരി ട്വീറ്റ് ചെയ്തു. ചടങ്ങുകളുടെ വീഡിയോ സഹിതമാണ് മനോജ് തിവാരിയുടെ ട്വീറ്റ്.

