Tuesday, October 13, 2026

സ്വര്‍ണക്കടത്ത്: ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്താനും സംരക്ഷിക്കാനും; സി പി എം നേതാക്കള്‍ക്കുളള ബന്ധം എന്‍ ഐ എ അന്വേഷിക്കണമെന്നും കെ.കെ.രമ

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ സി പി എമ്മിനെ നിശിതമായി വിമര്‍ശിച്ച്‌ ആര്‍ എം പി നേതാവ് കെ കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്വര്‍ണക്കടത്തുകാരുമായി സി പി എം നേതാക്കള്‍ക്കുളള ബന്ധം ഇന്നോ ഇന്നലെയാേ തുടങ്ങിയതല്ലെന്നും ഇത് നിരവധി തവണ തെളിയിക്കപ്പെട്ടതാണെന്നും രമ പറയുന്നുണ്ട്. ഇപ്പോള്‍ എന്‍ ഐ എ നടത്തുന്ന അന്വേഷണത്തില്‍ സ്വര്‍ണക്കടത്തുമായുള‌ള സി പി എം നേതാക്കളുടേയും പാര്‍ട്ടി ക്രിമിനലുകളുടേയും ബന്ധവും ഉള്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. കള്ളക്കടത്തിന്റെ ലാഭത്തില്‍ ഒരു പങ്ക് തങ്ങളുടെ ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്താനും സംരക്ഷിക്കാനുമാണ് സി പി എം നേതൃത്വം ഉപയോഗിക്കുന്നത് .

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുമ്ബോള്‍ സി പി എമ്മിന്റെ ഇപ്പോഴത്തെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ കുപ്രസിദ്ധ സ്വര്‍ണ കടത്തുകാരന്‍ ഫയാസ് ജയിലില്‍ സന്ദര്‍ശിച്ചിരുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ നിരവധി മാധ്യമങ്ങളാണ് അന്ന് പുറത്തുവിട്ടത്. കുറച്ചു ദിവസത്തെ വാര്‍ത്തയും വിവാദവുമായി ആ വിഷയം തേഞ്ഞുമാഞ്ഞു പോയതല്ലാതെ വളരെ ഗൗരവമേറിയ ആ സംഭവത്തെ കുറിച്ച്‌ പിന്നീട് ഒരു അന്വേഷണവും നടന്നില്ല എന്നതാണ് വസ്തുത. ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന കൊടിസുനിയെ പോലുള്ള സി പി എം നേതൃത്വത്തിന്റെ വിശ്വസ്തരായ കൊടും ക്രിമിനലുകല്‍ ജയിലിനകത്ത് നിന്നുപോലും രാജ്യാന്തര സ്വര്‍ണ്ണ കള്ളക്കടത്തില്‍ ഫോണ്‍വഴി ഇടപെടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന തെളിവുകളും അതു സംബന്ധിച്ച കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുമുണ്ട്. കേരളത്തിലേക്ക് നടക്കുന്ന സ്വര്‍ണ്ണക്കള്ളക്കടത്തുമായി സി പി എം നേതാക്കളുടേയും പാര്‍ട്ടി ക്രിമിനലുകളുടേയും ബന്ധം കൃത്യമായും വ്യക്തമാണെന്നിരിക്കെ ഗൗരവമേറിയ ഈ വിഷയങ്ങളെല്ലാം സമഗ്രമായി തന്നെ അന്വേഷിക്കപ്പെടുന്നതിന് ഇപ്പോള്‍ എന്‍ ഐ എ നടത്തുന്ന അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തപ്പെടേണ്ടതുണ്ട് എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നുണ്ട്.

Related Articles

Latest Articles