Tuesday, December 23, 2025

സ്വർണ്ണക്കടത്തിൽ യുഎഇ കോൺസുലേറ്റ് ഉദ്യോ​ഗസ്ഥർക്കും പങ്ക്. കോൺസുൽ ജനറലിന്റെയും അറ്റാഷയുടെയും സഹായത്തോടെയാണ് സ്വർണ്ണം കടത്തിയതെന്ന് സ്വപ്ന കസ്റ്റംസിനോട്

കൊച്ചി: സ്വർണ്ണക്കടത്തിൽ യുഎഇ കോൺസുലേറ്റ് ഉദ്യോ​ഗസ്ഥർക്കും പങ്കുണ്ടെന്നത് സംബന്ധിച്ച് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകി. സ്വർണ്ണം കടത്തിയത് കോൺസുൽ ജനറലിന്റെയും അറ്റാഷയുടെയും സഹായത്തോടെയാണ്. ശിവശങ്കറുമായി തനിക്ക് സൗഹൃദം മാത്രമാണുള്ളതെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.

കോൺസുൽ ജനറലിന്റെ സഹായത്തോടെയാണ് കടത്ത് തുടങ്ങിയത്. കൊവിഡ് തുടങ്ങിയപ്പോൾ കോൺസുൽ ജനറൽ നാട്ടിലേക്ക് മടങ്ങി. തുടർന്ന് അറ്റാഷെയെ കടത്തിൽ പങ്കാളിയാക്കി. ഓരോ തവണ സ്വർണ്ണം കടത്തുമ്പോഴും കോൺസുൽ ജനറലിനും അറ്റാഷെയ്ക്കും 1500 ഡോളർ പ്രതിഫലം നൽകി. 2019 ജൂലൈ മുതൽ ജൂൺ 30 വരെ 18 തവണ സ്വർണം കടത്തിയതായും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കൊച്ചി എൻഐഎ ഓഫീസിൽ ചോദ്യം ചെയ്യലിന് എത്താനിരിക്കെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായി സൂചനയുണ്ട്. പ്രതികളായ സ്വപ്ന സുരേഷും സരിത്തുമായി തനിക്ക് വ്യക്തിപരമായ സൗഹൃദം മാത്രമാണുള്ളതെന്ന് എം ശിവശങ്കർ എൻഐഎയോടും ആവർത്തിച്ച് പറ‌ഞ്ഞിരുന്നു. തിരുവനന്തപുരം പേരൂർക്കടയിലെ പൊലീസ് ക്ലബ്ബിൽ വച്ച് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു ശിവശങ്കറിന്‍റെ മൊഴി. ഈ സാഹചര്യത്തിലാണ് കേസിൽ മുൻകൂർ ജാമ്യഹർജി നൽകാനുള്ള നീക്കം എം ശിവശങ്കർ തുടങ്ങിയിരിക്കുന്നത്. കൊച്ചിയിലെ ഒരു മുതിർന്ന അഭിഭാഷകനുമായി മുൻകൂർ ജാമ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശിവശങ്കർ സംസാരിച്ചെന്നാണ് സൂചന.

ഇതിന്‍റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നേരിട്ടെത്തി എൻഐഎ കസ്റ്റഡിയിലായിരുന്ന സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിൽ വച്ച് ചോദ്യം ചെയ്തിരുന്നു. സ്വപ്നയും സന്ദീപും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച വീണ്ടും എം ശിവശങ്കറിനെ ചോദ്യം ചെയ്യുക. എൻഐഎയുടെയും കസ്റ്റംസിന്‍റെയും ആദ്യഘട്ട മൊഴിയെടുക്കൽ പോലെയാകില്ല, കൂടുതൽ മൊഴികളെടുത്ത് അവ തമ്മിൽ ഒത്തുനോക്കിയാകും ശിവശങ്കറിനോടുള്ള ചോദ്യപ്പട്ടികയും തയ്യാറാക്കുക. ഇതിൽ പൊരുത്തക്കേടുകളുണ്ടോ എന്നതടക്കം എൻഐഎ പരിശോധിക്കുന്നുമുണ്ട്.

Related Articles

Latest Articles