ബലാക്കോട്ടിലെ തീവ്രവാദികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് പ്രതികാരമായി പാകിസ്ഥാന്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് പ്രതിരോധനസേനവക്താകള്‍ സംയുക്ത വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ എഫ് 16 പോര്‍വിമാനങ്ങളും അമോറാം മിസൈലുകളും പാകിസ്ഥാന്‍ ഉപയോഗിച്ചതായും പ്രതിരോധ സേനയുടെ വക്താകള്‍ പ്രത്യേക വാര്‍ത്തസമ്മേളനത്തില്‍ വെളിപ്പെടുത്തി.

അമ്രാo മിസൈലിന്‍റേയും ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്ന എഫ് 16 വിമാനത്തിന്‍റെ അവശിഷ്ടങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. വ്യോമസേനയെ പ്രതിനിധീകരിച്ച് എയര്‍വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍, കരസേനയെ പ്രതിനിധീകരിച്ച് മേജര്‍ ജനറല്‍ സുരേന്ദ്രസിംഗ് മഹാല്‍, നാവികസേനയെ പ്രതിനിധീകരിച്ച് നാവികസേന റിയര്‍ അഡ്മിറല്‍ ഡി.എസ്.ഗുജറാള്‍ എന്നിവരാണ് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തത്.

എന്ത് ലക്ഷ്യമിട്ടാണോ വ്യോമസേന തീവ്രവാദി ക്യാംപുകളില്‍ ആക്രമണം നടത്തിയത് ആ ലക്ഷ്യം സാധിച്ചിട്ടുണ്ടെന്ന് വ്യോമസേന വക്താവ് ആര്‍ജികെ കപൂര്‍ പറഞ്ഞു. പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് താവളമൊരുക്കുന്ന കാലത്തോളം അത്തരം ക്യാംപുകള്‍ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ തുടരും. ജയ്ഷെ ക്യാംപുകള്‍ ആക്രമിച്ചതിനും ലക്ഷ്യം കൈവരിച്ചതിനുമുള്ള വ്യക്തമായ തെളിവുകള്‍ കൈവശമുണ്ടെന്നും അതെപ്പോള്‍ പുറത്തുവിടണം എന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയ നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.