ദില്ലി: കൊല്‍ക്കത്തയില്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത ബംഗാള്‍ സര്‍ക്കാരിന്‍റെ നടപടിയ്ക്കെതിരെ സിബിഐ നല്‍കിയ കോടതിയലക്ഷ്യഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഹര്‍ജി നാളെ രാവിലെ 10.30 ന് കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സിബിഐയെ അറിയിച്ചു. പശ്ചിമബംഗാള്‍ ഡിജിപിക്കും ചീഫ് സെക്രട്ടറിയ്ക്കുമെതിരെയാണ് സിബിഐയുടെ ഹര്‍ജി. 

തങ്ങള്‍ക്ക് അസാധാരണ സാഹചര്യം നേരിടേണ്ടി വന്നെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത കോടതിയെ അറിയിച്ചെങ്കിലും കേസ് ഇന്ന് പരിഗണിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. കേസില്‍ തെളിവുകള്‍ നശിപ്പിക്കാനും സിബിഐ ഓഫീസ് തകര്‍ക്കാനും ബംഗാള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. തെളിവുകള്‍ നശിപ്പിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അടിയന്തിരമായി ഇടപെടുമെന്നും കോടതി പറഞ്ഞു. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ കേസില്‍ പ്രതിയാകുമെന്നാണ് സൂചന.

പശ്ചിമ ബംഗാളിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ശാരദ ചിറ്റ് ഫണ്ട് കുംഭകോണക്കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത പോലീസ് മേധാവി രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെയാണ് മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ പിന്തുണയോടെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തത്. സിബിഐ നടപടിയില്‍ പ്രതിഷേധിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി ഇന്നലെ രാത്രി മുതല്‍ നിരാഹാരസമരത്തിലാണ്.