ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ പ്രവിശ്യയിലെ ജോൽഫ നഗരത്തിലാണ് സംഭവം. ഇറാൻ പ്രസിഡന്റ് കൂടാതെ മന്ത്രിമാരും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അസർബൈജാനിൽ ഒരു അണക്കെട്ടിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ഹെലികോപ്റ്റർ കാണാതായത്. നാല് ഹെലികോപ്റ്ററുകളിൽ മൂന്നെണ്ണം ലക്ഷ്യസ്ഥാനത്ത് എത്തിയെങ്കിലും പ്രസിഡന്റ് അടങ്ങുന്ന ഹെലികോപ്റ്റർ കാണാതാവുകയായിരുന്നു. അസർബൈജാൻ അതിർത്തി പ്രദേശത്ത് കനത്ത മൂടൽമഞ്ഞ് നിലനിന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കിയതാണെന്നാണ് ലഭ്യമാകുന്ന വിവരം. ഹെലികോപ്ടറിലുണ്ടായിരുന്നവരുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്.

