Monday, June 17, 2024
spot_img

മേടമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു…

പത്തനംതിട്ട: ‌മേടമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു.ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരിയാണ് ക്ഷേത്ര ശ്രീകോവിൽ നട തുറന്നത്. കൊവിഡ്19 ൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ കണക്കിലെടുത്ത് ശബരിമലയിലേക്ക് ഭക്തർക്ക് പ്രവേശനമില്ല. ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ദേവസ്വം ബോർഡിലെ ചുരുക്കം ചില ജീവനക്കാരും 30 പൊലീസുകാരും ഇനിയുള്ള അഞ്ച് ദിവസങ്ങളിൽ ശബരിമല സന്നിധാനത്ത് ഉണ്ടാകും.

നാളെ വിഷുവിന് ശബരിമല തുറക്കും.അയ്യപ്പനെ വിഷുക്കണി കാണിക്കുന്ന ചടങ്ങ് നടക്കും. തുടർന്ന് തന്ത്രി കൈനീട്ടം വിതരണം ചെയ്യും. പതിവ് അഭിഷേകവും തുടർന്ന് മണ്ഡപത്തിൽ ഗണപതിഹോമവും ഉണ്ടാകും.ഭക്തർക്ക് ആർക്കും തന്നെ പ്രവേശനം ഇല്ലാത്ത സാഹചര്യത്തിൽ ക്ഷേത്ര തിരുനട അടയ്ക്കുന്ന സമയത്തിലും തുറക്കുന്ന സമയത്തിലും ചില ക്രമീകരണങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് വരുത്തിയിട്ടുണ്ട്.

പുലർച്ചെ 5 മണിക്ക് നടതുറന്നാൽ ഉഷപൂജയും ഉച്ചപൂജ കഴിഞ്ഞ് രാവിലെ 10 മണിക്ക് തന്നെ നട അടയ്ക്കും. വൈകുന്നേരം 5 മണിക്ക് നട വീണ്ടും തുറക്കും. 6.30ന് ദീപാരാധന. 7.15ന് അത്താഴപൂജയും കഴിഞ്ഞ് 7 .30 ന് ഹരിവരാസനം പാടി നട അടയ്ക്കും. നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിൽ പ്രത്യേക പൂജകളായ നെയ്യഭിഷേകം,ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ ,പുഷ്പാഭിഷേകം, സഹസ്രകലശാഭിഷേകം, അഷ്ടാഭിഷേകം എന്നിവ ഉണ്ടാകില്ല. 18 ന് രാത്രി 7.30 ന് ഹരിവരാസനം പാടി പൊന്നമ്പലത്തിൻ ശ്രീകോവിൽ നട അടയ്ക്കും.

Related Articles

Latest Articles