കൊച്ചി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ വിവാദപ്രസംഗം നടത്തിയ കേസില്‍ നടന്‍ കൊല്ലം തുളസിക്ക് കോടതി ജാമ്യം അനുവദിച്ചു. തന്റെ ചികിത്സാരേഖകള്‍ ഹാജരാക്കിയ കൊല്ലം തുളസി ശാരീരികപ്രശ്നങ്ങളുള്ളതിനാല്‍ ജാമ്യം നല്‍കണമെന്ന് അപേക്ഷിച്ചു. ഇത് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തിയാണ് അദ്ദേഹത്തിനെതിരേ കേസെടുത്തിരുന്നത്.

കേസില്‍ കൊല്ലം തുളസി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. ഒക്ടോബര്‍ 12 ന് ചവറയില്‍ ബിജെപിയുടെ പരിപാടിയില്‍ വച്ചായിരുന്നു വിവാദ പ്രസംഗം. ഇതിനെതുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ ചവറ പോലീസ് സ്റ്റേഷനിലെത്തി അദ്ദേഹം കീഴടങ്ങിയത്. തുടര്‍ന്ന് കൊല്ലം തുളസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നല്‍കിയ ഹ‍ര്‍ജിയിലാണ് ചവറ പോലീസ് കേസ് എടുത്തത്. പ്രസംഗത്തിനെതിരെ വനിത കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിരുന്നു.