Monday, May 20, 2024
spot_img

ആപ്പിൾ ഇനി വളരുക ഇന്ത്യൻ മണ്ണിൽ. ഇന്ത്യയിൽ നിന്ന് ലോകമെമ്പാടുമുള്ള വിപണികള്‍ക്ക് സേവനം നല്‍കാന്‍ കമ്പനി ആഗ്രഹിക്കുന്നു: ആപ്പിള്‍

ബെംഗളൂരു: തങ്ങള്‍ക്ക് ബെംഗളൂരുവില്‍ 350,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം വാടകയ്ക്ക് കിട്ടാനാകുമോ എന്നതിനെക്കുറിച്ച് കെട്ടിട നിര്‍മാതാക്കളുമായി ചര്‍ച്ചയിലാണ് ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായ ആപ്പിള്‍. ഈ ഓഫിസില്‍ നിന്ന് ആപ്പിളിന്റെ ലോകമെമ്പാടുമുള്ള വിപണികള്‍ക്ക് സേവനം നല്‍കാന്‍ കമ്പനി ആഗ്രഹിക്കുന്നതായും ആപ്പിള്‍ കമ്പനി പറഞ്ഞു . വളരെ വലിയൊരു റീട്ടെയില്‍ ഷോപ്പ് നഗരത്തില്‍ തുറക്കാനും കമ്പനിക്ക് ഉദ്ദേശമുണ്ടെന്നും പറയുന്നു. ആപ്പിളിന്റെ വലിയ റീട്ടെയില്‍ കടകള്‍ മറ്റൊരു പ്രപഞ്ചത്തിലേക്ക് ചെന്നു കയറുന്ന അനുഭവമുണ്ടാക്കുമെന്നാണ് പറയുന്നത്.

ആപ്പിളിനെ കൂടാതെ, അമേരിക്കയില്‍ നിന്നുള്ള വെല്‍സ് ഫാര്‍ഗോ എന്ന സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന കമ്പനി ഹൈദരാബാദില്‍ 1.4 ദശലക്ഷം ചതുരശ്ര അടി കെട്ടിടം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിര്‍മിച്ചു കിട്ടാന്‍ ശ്രമിക്കുന്നതായും വാര്‍ത്തയുണ്ട്. ആപ്പിളിന്റെയും വേല്‍സ് ഫാര്‍ഗോയുടെയും ആവശ്യമനുസരിച്ചുള്ള കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കാനുള്ള കരാര്‍ ഈ ദിവസങ്ങളില്‍ ഒപ്പിടുമെന്നു പറയുന്നു. ദിവ്യശ്രീ ഡിവലപ്പേഴ്‌സ് ആയിരിക്കും വെല്‍സ് ഫാര്‍ഗോയുടെ കെട്ടിടം നിര്‍മിച്ചു നല്‍കുക. മഹാമാരിയില്‍ തണുത്തുറഞ്ഞുപോയ റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് ഇവ പുത്തനുണര്‍വാണ് പകര്‍ന്നിരിക്കുന്നത്.

ആപ്പിളിന്റെ പുതിയ ഓഫിസ് കെട്ടിടം പ്രെസ്റ്റിജ് മിങ്ക് സ്‌ക്വയറിലായിരിക്കും (Prestige Mink Square) നിർമിക്കുക എന്നാണ് കേള്‍വി. ഇന്ത്യയില്‍ തങ്ങളുടെ ഉപകരണങ്ങള്‍ നിര്‍മിച്ചെടുക്കുന്നതു വര്‍ധിപ്പിക്കാനും കമ്പനി ആഗ്രഹിക്കുന്നു. കഴിഞ്ഞ മാസം ആപ്പിളിനായി കരാടിസ്ഥാനത്തില്‍ ഐഫോണ്‍ ഉണ്ടാക്കി നല്‍കുന്ന കമ്പനിയായ ഫോക്‌സകോണ്‍ ചെന്നൈയിലെ തങ്ങളുടെ ഫാക്ടറിയില്‍ ആപ്പിളിന്റെ മികച്ച മോഡലുകള്‍ നിര്‍മിച്ചു തുടങ്ങിയതായി വാര്‍ത്തകളുണ്ട്. ആപ്പിളിന്റെ ഇന്ത്യയിലെ പ്ലാനുകളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ കമ്പനി നല്‍കിയില്ല.

അതേസമയം, വെല്‍സ് ഫാര്‍ഗോയ്ക്ക് ഇപ്പോള്‍ത്തന്നെ 1.2 ദശലക്ഷം ചതുരശ്ര അടിയുള്ള ഓഫിസ് ഹൈദരാബാദിലുണ്ട്. ഇതിന്റെ വികസന പ്രവര്‍ത്തനങ്ങളുമായാണ് കമ്പനി ഇപ്പോള്‍ മുന്നോട്ടു നീങ്ങുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്. ആപ്പിളിനെയും വെല്‍സ് ഫാര്‍ഗോയെയും കൂടാതെ, ഗൂഗിള്‍, വാള്‍മാര്‍ട്ട്, ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നീ കമ്പനികളും ഇന്ത്യയില്‍ വന്‍ വികസനപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നു എന്നും പറയുന്നു.

ഇവരെല്ലാം, ദക്ഷിണേന്ത്യന്‍ നഗരങ്ങളായ ബെംഗളൂരു, ഹൈദരാബാദ്, ചൈന്നൈ എന്നിവടങ്ങളില്‍ താവളമടിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് പറയുന്നത്. ബെംഗളൂരുവില്‍ ഇതുവരെ വമ്പന്‍ കമ്പനികള്‍ക്കായി 48 ദശലക്ഷം ചതുരശ്ര അടി ഓഫിസിനായി വാടകയ്ക്കു നല്‍കിക്കഴിഞ്ഞെങ്കില്‍, ഹൈദരാബാദില്‍ 2.2 ദശലക്ഷം ചതുരശ്ര അടി വാടകയ്ക്കു നല്‍കി.

Related Articles

Latest Articles