Monday, May 20, 2024
spot_img

ആറന്മുളയപ്പന് തിരുവോണ സദ്യ ഒരുക്കാൻ നാരായണ ഭട്ടതിരി ഇനിയില്ല

ആലപ്പുഴ: ആറന്മുള തിരുവോണത്തോണി യാത്രയ്ക്ക് നേതൃത്വം നൽകുന്ന കോട്ടയം കുമാരനല്ലൂർ മങ്ങാട്ടില്ലത്ത് എം ആർ നാരായണ ഭട്ടതിരി(70) അന്തരിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും.

21 വർഷമായി തിരുവോണത്തോണിയാത്രക്ക് നേതൃത്വം നൽകിയത് നാരായണ ഭട്ടതിരിയായിരുന്നു. അച്ഛൻ ഇരവിഭട്ടതിരിയിൽനിന്നാണ് ഈ നിയോഗം 1999ൽ അദ്ദേഹം ഏറ്റെടുത്തത്.

ആറന്മുള ദേശവഴിയിൽപ്പെട്ട കാട്ടൂരിൽ താമസക്കാരായിരുന്ന മങ്ങാട്ടു ഭട്ടതിരി കുടുംബം നൂറ്റാണ്ടുകൾക്ക് മുൻപ് കുമാരനല്ലൂരിൽ കുടിയേറിയത് പാർഥസാരഥി ഭഗവാന്റെ അഭീഷ്ടാനുസരണം ആയിരുന്നെന്ന് വിശ്വാസം.
എല്ലാവർഷവും തിരുവോണത്തിന് കാഴ്ചവിഭവങ്ങളുമായി എത്തണമെന്നും ഭഗവാന്റെ കല്പനയുണ്ടത്രെ. അക്കാലം മുതൽ ആറന്മുളയപ്പന് തിരുവോണസദ്യക്കുള്ള വിഭവസമർപ്പണം മങ്ങാട്ടില്ലത്തെ മൂപ്പുമുറക്കാർ നടത്തിപ്പോരുന്നു.
ആറന്‍മുള ഭഗവാന് സദ്യയൊരുക്കുന്നതിനുള്ള വിഭവങ്ങളുമായി കുമാരനല്ലൂര്‍ മങ്ങാട്ട് നാരായണ ഭട്ടതിരി കാട്ടൂരില്‍ എത്തി അവിടെ നിന്നും കരക്കാര്‍ ഒരുക്കിയ തിരുവോണത്തോണിയിൽ ആറന്മുള മധുകടവില്‍ എത്തും.

തോണിയില്‍ എത്തിക്കുന്ന വിഭവങ്ങള്‍ കൂടി ചേര്‍ത്താണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യ. ക്ഷേത്രത്തില്‍ അത്താഴപൂജവരെ ഭട്ടതിരിയുടെ കാര്‍മികത്വം ഉണ്ടായിരിക്കും. മങ്ങാട്ട് ഇല്ലത്തിന് പാരമ്പര്യവഴിയില്‍ കിട്ടിയതാണ് ഈ അവകാശം. നൂറുകണക്കിനാളുകളാണ് ഭട്ടതിരിയെ യാത്രയക്കാൻ എത്തുക.

Related Articles

Latest Articles