തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും തന്നെ കോവിഡ്19 സ്ഥിരീകരിച്ചിട്ടില്ല. അതേസമയം 9 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ 4 പേരുടെ വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 392 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 102 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,499 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 106 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 27,150 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 26,225 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

