Monday, May 20, 2024
spot_img

ഇത് യോഗി ആദിത്യ നാഥ്: ജനസേവനം ജീവിതവ്രതം

ലഖ്‌നൗ: പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാലാണ് വേദനയോടെയെങ്കിലും താന്‍ ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ ബഹുജന പങ്കാളിത്തം പാടില്ലെന്നും ആരോഗ്യം നോക്കണമെന്നും താന്‍ കാരണം ഒരാള്‍ക്ക് പോലും രോഗബാധ ഉണ്ടാകുന്നില്ല എന്ന് ഓരോരുത്തരും ഉറപ്പ് വരുത്തണമെന്നും യോഗി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിങ് ബിഷ്ത് തിങ്കളാഴ്ച രാവിലെ ദില്ലി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വച്ചായിരുന്നു അന്തരിച്ചത്. അദ്ദേഹത്തിന് 89 വയസ്സായിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ ഫോറസ്റ്റ് റേഞ്ചര്‍ ആയിരുന്ന ആനന്ദ് സിംഗ് ബിഷ്ത് ഇപ്പോള്‍ ഉത്തരാഖണ്ഡിലുള്ള പൗഡി ഗഡ് വാളിലെ പഞ്ചൂര്‍ സ്വദേശിയാണ്.

ഉത്തര്‍ പ്രദേശ് ഗവര്‍ണ്ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ജിതേന്ദ്ര സിംഗ്, കോണ്‍ഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര, മുന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്, മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങി നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

പിതാവിന്റെ വിയോഗ വേളയിലും ജനക്ഷേമം മുന്‍ നിര്‍ത്തി വ്യക്തിപരമായ നിയന്ത്രണം പാലിക്കുന്ന യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് നിരവധി പേര്‍ പ്രതികരണം രേഖപ്പെടുത്തി.

Related Articles

Latest Articles