Tuesday, November 10, 2026

ഈ ലോക്ക്ഡൗണിലും ‘ആകാശവീഥിയിൽ കുസുമങ്ങൾ’ പൂത്തുലഞ്ഞു…മഷിയുണങ്ങാത്ത തൂലികയുമായി,പി എസ് ശ്രീധരൻ പിള്ള

ഐസ്‌വാൾ: കോവിഡ് കാലം എഴുത്തിന്റെ കാലം കൂടെയായി. കോവിഡ് പ്രതിരോധത്തിലും നിയന്ത്രണത്തിലും മികച്ച പ്രവർത്തനം കാഴ്ചവെച്ച മിസോറം രാജ്ഭവനിലെ അനുഭവങ്ങൾ കൂടി ഉൾപ്പെടുത്തി ഈ ലോക്ക്ഡൗൺ കാലത്ത് തന്റെ സാഹിത്യപ്രവർത്തനങ്ങൾ ഒന്നുകൂടി സമ്പുഷ്ടമാക്കുകയാണ് ഗവർണർ അഡ്വ.പി എസ് ശ്രീധരൻ പിള്ള. ഇംഗ്ലീഷിലും മലയാളത്തിലുമായി,അദ്ദേഹം എഴുതിയ,കവിതകള്‍, ലേഖനങ്ങള്‍, ചരിത്രം, ക്ഷേത്രങ്ങള്‍, വ്യക്തിത്വങ്ങള്‍, കോടതി നര്‍മ്മങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍, നിയമലേഖനങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് പുസ്തകരൂപത്തിലാകുന്നത്.

ദസ് സ്പീക്‌സ് ഗവര്‍ണര്‍ , ഓ മിസോറാം , ദി റിപ്പബ്ലിക്, ജസ്റ്റിസ്ടു ഓള്‍ പ്രജുഡൈസ് ടു നണ്‍ എന്നീഇംഗ്ലീഷ് പുസ്തകങ്ങളും, കൊറോണകവിതകള്‍, നിയമവീഥിയിലൂടെ, തത്സമയചിന്തകള്‍, ഗൗണിലെ സ്ത്രീരത്‌നങ്ങള്‍, ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങള്‍,സാമൂഹ്യസമരസത, ഓര്‍മ്മയിലെ വീരേന്ദ്രകുമാര്‍, ആകാശവീഥിയിലെ കുസുമങ്ങള്‍, ചിരിയുംചിന്തയും കറുത്ത കോട്ടില്‍ എന്നിവയാണ് പ്രകാശനത്തിന് ഒരുങ്ങുന്ന പുസ്തകങ്ങള്‍. കവിതകളുള്‍ക്കൊള്ളുന്ന ഇംഗ്ലീഷ് കവിതാ സമാഹാരത്തിന് ‘ഓ,മിസോറാം’എന്നാണ് പേരിട്ടിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് രചിച്ച മലയാള കവിതാസമാഹാരത്തിലെ ഭൂരിപക്ഷം കവിതകളും ലോക്ഡൗണ്‍ ആശയം ഉള്‍ക്കൊള്ളുന്നതാണ്. ‘ദസ് ‌സ്പീക്‌സ് ഗവർണർ’, ‘ദി റിപ്പബ്ലിക്’, ‘ലോക്ഡൗണ്‍’എന്നീ 3 പുസ്തകങ്ങളുടെ പ്രകാശനം 2020 ആഗസ്റ്റ് 8 ന് കാലത്ത്11 മണിക്ക് ഐസ്വാള്‍ രാജ്ഭവനില്‍ നടക്കും.

പ്രകാശനച്ചടങ്ങിന്റെ ഉദ്ഘാടനം മിസോറാം മുഖ്യമന്ത്രി സൊറാങ്താഗ് നിര്‍വ്വഹിക്കും.ഗോഹട്ടി ഹൈക്കോടതി ചീഫ്ജസ്റ്റിസ് അജയ്‌ലാംബ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. മിസോറാം മുന്‍ മുഖ്യമന്ത്രിയും പ്രദേശ് ‌കോണ്‍ഗ്രസ് കമ്മറ്റി അദ്ധ്യക്ഷനുമായ ലാല്‍തന്‍ ഹോല മുഖ്യപ്രഭാഷണം നടത്തും. ആസാം റൈഫിള്‍സ് മിസോറാം മേധാവി ബ്രിഗേഡിയര്‍എസ്.വിനോദ് ചടങ്ങില്‍സംസാരിക്കും.

മറ്റ് പുസ്തകങ്ങള്‍ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി കേരളം, ഡല്‍ഹി, കൊല്‍ക്കത്ത, ഐസ്വാള്‍ എന്നിവിടങ്ങളില്‍ നിന്നായി കോവിഡ് നിയന്ത്രണങ്ങള്‍ക്കു വിധേയമായി പ്രകാശനം ചെയ്യും.മുൻ ബിജെപി കേരള സംസ്ഥാന അധ്യക്ഷനും സാംസ്കാരികപ്രവർത്തകനും,മുതിർന്ന അഭിഭാഷകനുമായ പി എസ് ശ്രീധരൻ പിള്ളയുടെ കോവിഡ് കാലത്തെ സജീവമായ പ്രവർത്തനങ്ങൾ,ദേശീതതലത്തിൽ തന്നെ ശ്രദ്ധേയമായിരുന്നു.

Related Articles

Latest Articles