Saturday, May 18, 2024
spot_img

ഉംപുന്‍ ചുഴലിക്കാറ്റ് ; പശ്ചിമ ബംഗാളും ഒഡീഷയും സന്ദര്‍ശിക്കാന്‍ നരേന്ദ്ര മോദി എത്തി

കൊല്‍ക്കത്ത : ഉംപുന്‍ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം വിതച്ച പശ്ചിമ ബംഗാളും ഒഡീഷയും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി കൊല്‍ക്കത്തയിലാണ് എത്തിയത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഗവര്‍ണര്‍ ജഗ്ദീപ് ദന്‍കര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചു.

ഹെലികോപ്റ്ററില്‍ ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കുന്ന മോദിയെ മുഖ്യമന്ത്രിയും ഗവര്‍ണറും അനുഗമിക്കും. ഇതിനു ശേഷം ഉംപുന്‍ ദുരന്തം വിതച്ച ഒഡീഷയിലെ മേഖലകള്‍ സന്ദര്‍ശിക്കാനായി പ്രധാനമന്ത്രി മടങ്ങും.നേരത്തെ പ്രധാനമന്ത്രി ബംഗാള്‍ സന്ദര്‍ശിക്കണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. ബംഗാളിനൊപ്പം രാജ്യം മുഴുവനുണ്ടെന്നും ദുരിതബാധിതരെ സഹായിക്കുമെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു. ഉംപുന്‍ ചുഴലിക്കാറ്റില്‍ ഉണ്ടായ നാശം സംബന്ധിച്ച പശ്ചിമ ബംഗാളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കണ്ടു. ഈ വെല്ലുവിളി നിറഞ്ഞ മണിക്കൂറില്‍, രാജ്യം മുഴുവന്‍ പശ്ചിമ ബംഗാളുമായി ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രാര്‍ഥിക്കുന്നു. സാധാരണ നില ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു.കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇതാദ്യമായാണ് പ്രധാനമന്ത്രി ഡല്‍ഹിക്കു പുറത്തേക്കു സഞ്ചരിക്കുന്നത്.

Related Articles

Latest Articles