Monday, December 15, 2025

എവിടെയും ആക്ഷൻ ഹീറോ ; സുരേഷ് ഗോപി എം പി ക്ക് ഇന്ന് പിറന്നാൾ മധുരം

എണ്‍പതില്‍ അവസാനിച്ച ജയന്‍ തരംഗത്തിനു ശേഷം മലയാള വെള്ളിത്തിരയില്‍ ഒരു സമ്പൂര്‍ണ്ണ സൂപ്പര്‍ ആക്ഷന്‍ ഹീറോ പരിവേഷത്തിനുടമയായത് സുരേഷ് ഗോപിയെന്ന സുരേഷ് ജി നായരാണ്. രാജ്യസഭാ എംപി കൂടിയായ സുരേഷ് ഗോപിയുടെ 61 ാം ജന്മദിനമാണ് ഇന്ന്

ആരാധകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമായി നിഥിന്‍ രണ്‍ജിപണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന കാവല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ രാവിലെ സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്യും. ഇനി പതിനഞ്ചുദിവസത്തെ ചിത്രീകരണമാണ് കാവലിന് അവശേഷിക്കുന്നത്. ജൂലായില്‍ ചിത്രീകരണം പുനരാരംഭിക്കാനാണ് നീക്കം.

ജൂണ്‍ 26, 1957-ല്‍ ജ്ഞാനലക്ഷ്മിയുടെയും ഗോപിനാഥന്‍ പിള്ളയുടെയും മകനായി കൊല്ലത്ത് ജനിച്ചു. 1965-ല്‍ ഓടയില്‍ നിന്ന് എന്ന ചിത്രത്തിലൂടെ 8 വയസ്സുള്ളപ്പോള്‍ ബാലതാരമായാണ് സുരേഷ് വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് 1986-ല്‍ മമ്മൂട്ടി നായകനായ ‘പൂവിനു പുതിയ പൂന്തെന്നല്‍’ എന്ന സിനിമയില്‍ വില്ലനായി വന്ന സുരേഷ് ഗോപി ജനശ്രദ്ധ നേടി. തുടര്‍ന്ന് ചെറിയതും വലിയതുമായ നിരവധി വേഷങ്ങള്‍ അദ്ദേഹത്തെ തേടി എത്തി. അതില്‍ ശ്രദ്ധേയമായത് മോഹന്‍ലാല്‍ നായകനായ ഇരുപതാം നൂറ്റാണ്ട് (വില്ലന്‍), രാജാവിന്റെ മകന്‍ എന്നീ സിനിമകളിലെ വേഷങ്ങളാണ്.

1994-ല്‍ കമ്മീഷണര്‍ എന്ന സിനിമയിലെ അഭിനയമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. അതോടെ അദ്ദേഹം സൂപ്പര്‍ താര പദവിക്കടുത്തെത്തി. സിനിമയിലെ ഭരത് ചന്ദ്രന്‍ ഐ പി എസ് എന്ന കഥാപാത്രം പൗരുഷം തുളുമ്പുന്ന മലയാളി യുവത്വത്തിന്റെ പ്രതീകമായി.

ലേലം എന്ന സിനിമയിലെ സ്റ്റീഫന്‍ ചാക്കോച്ചി എന്ന വേഷം പേരെടുത്തു പറയാവുന്നതാണ്. പിന്നീട് വന്ന വാഴുന്നോര്‍, പത്രം എന്നീ സിനിമകളും വന്‍ വിജയമായിരുന്നു. 1997-ല്‍ പുറത്തിറങ്ങിയ കളിയാട്ടം എന്ന സിനിമ അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു.

മകള്‍ക്ക് എന്ന സിനിമയില്‍ അദ്ദേഹം ശ്രദ്ധേയമായ അഭിനയം കാഴ്ച വയ്ക്കുകയും സംസ്ഥാന പുരസ്‌കാരത്തിന് നാമ നിര്‍ദ്ദേശം നല്‍കപ്പെടുകയും ചെയ്തു. കുറച്ചു കാലം സിനിമയില്‍ നിന്ന് അകന്നു നിന്ന സുരേഷ് ഗോപി 2005-ല്‍ ഭരത്ചന്ദ്രന്‍ ഐ പി എസ് എന്ന പേരില്‍ 11 വര്‍ഷം മുന്‍പ് ഇറങ്ങിയ കമ്മീഷണറിന്റെ രണ്ടാം പതിപ്പുമായി രംഗപ്രവേശനം നടത്തി. സാമാന്യം നല്ല പ്രദര്‍ശനമാണ് ചിത്രം കാഴ്ച വച്ചത്. തമിഴിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles