Monday, May 20, 2024
spot_img

എസ്എൻ കോളേജ് സുവർണ്ണജൂബിലിഫണ്ട് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളിയെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്തു ;കുറ്റപത്രം ബുധനാഴ്ച സമർപ്പിക്കും

ആലപ്പുഴ: കൊല്ലം എസ്എൻ കോളേജ് സുവർണ്ണജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്തു. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതി നൽകിയ സമയം ബുധനാഴ്ചയാണ് അവസാനിക്കുന്നത്. കുറ്റപത്രം ബുധനാഴ്ച തന്നെ കൊല്ലം സിജെഎം കോടതിയിൽ സമർപ്പിക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.

രണ്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലാണ് ഇന്ന് നടന്നത്. സിൽവർ ജൂബിലി ആഘോഷത്തിനായി പിരിച്ച പണത്തിൽ നിന്നും വകമാറ്റിയ 55 ലക്ഷം തിരികെ എസ്എൻ ട്രസ്റ്റിൽ അടച്ചു എന്ന് വെള്ളാപ്പള്ളി മൊഴിനൽകി. ഇതിനുള്ള രേഖകൾ തന്റെ പക്കൽ ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു . ചൊവ്വാഴ്ച്ചയ്ക്കം എല്ലാ രേഖകളും ഹാജരാക്കണമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥർ വെള്ളാപ്പള്ളി നടേശന് നിർദ്ദേശം നൽകി. പണാപഹരണം, വിശ്വാസ വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ വെള്ളാപ്പള്ളിക്കെതിരെ നിലനിൽക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.

1997- 98 കാലഘട്ടത്തിൽ എസ്എൻ കോളേജ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിരിച്ചെടുത്ത 1,02,61,296 രൂപയിൽ നിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വെള്ളാപ്പള്ളി നടേശൻ വക മാറ്റിയെന്നതാണ് കേസ്. ആഘോഷകമ്മിറ്റിയുടെ കൺവീനറായിരുന്നു വെള്ളാപ്പള്ളി നടേശൻ. ഫണ്ട് പിരിവ് പൂർത്തിയായി രണ്ട് വർഷത്തിന് ശേഷമാണ് പൊരുത്തക്കേടുകൾ എസ്എൻ ട്രസ്റ്റ് ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുന്നത്.
എന്നാൽ ആരും പരസ്യമായി ചോദ്യംചെയ്തില്ല.

തുടർന്ന് ട്രസ്റ്റ് അംഗമായ പി സുരേന്ദ്രബാബുവാണ് 2004 ൽ ഹർജിയുമായി കൊല്ലം സിജെഎം കോടതിയെ സമീപിക്കുന്നത്. കേസ് ആദ്യം അന്വേഷിച്ച ക്രൈം ഡിറ്റാച്ച്മെന്‍റ് സംഘം പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ട് കോടതിയിൽ നൽകി. എന്നാൽ പൊലീസ് റിപ്പോർട്ട് കോടതി പൂർണ്ണമായി തള്ളി. തുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. തെളിവുകൾ ഉണ്ടായിട്ടും അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ഹർജിക്കാരൻ കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ ജൂൺ 22ന് ഹർജി പരിഗണിച്ച കോടതി രണ്ടാഴ്ചക്കകം കുറ്റപത്രം സമർപ്പിക്കാന് ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകുകയായിരുന്നു.

Related Articles

Latest Articles