Friday, May 3, 2024
spot_img

ഓണ്‍ലൈന്‍ പഠനം: നാളെ മുതല്‍ കൈറ്റ് വിക്ടേഴ്സില്‍ പുതിയ ക്ലാസുകള്‍

തിരുവനന്തപുരം: സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയും സംപ്രേഷണം ചെയ്യുന്ന പദ്ധതിയില്‍ നാളെ മുതല്‍ പുതിയ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും.

ട്രയല്‍ അടിസ്ഥാനത്തില്‍ സംപ്രേഷണം ചെയ്ത ക്ലാസുകള്‍ മുഴുവന്‍ കുട്ടികള്‍ക്കും കാണാന്‍ അവസരം ഒരുക്കിയിരുന്നു. തിങ്കളാഴ്ച മുതല്‍ വിവിധ ക്ലാസുകള്‍ക്ക് നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തില്‍ തന്നെ ആയിരിക്കും പുതിയ വിഷയങ്ങളടങ്ങിയ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക.

വിക്ടേഴ്സ് വെബില്‍ 27 ടെറാബൈറ്റ് ഡൗണ്‍ലോഡ് ഒരു ദിവസം നടന്നു. യൂട്യൂബില്‍ വരിക്കാര്‍ പത്തുലക്ഷത്തോളമായി. പ്ലേ സ്റ്റോറില്‍ നിന്നും 16.5 ലക്ഷംപേര്‍ വിക്ടേഴ്സ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡു ചെയ്തു. ചില ക്ലാസുകള്‍ 40 ലക്ഷത്തിലധികം പേര്‍ കാണുകയുണ്ടായി.

കൈറ്റ് വിക്ടേഴ്സ് ചാനലിനു പുറമെ ഫേസ്ബുക്കില്‍ victerseduchannel ല്‍ ലൈവായും, യുട്യൂബില്‍ itsvicters വഴിയും ക്ലാസുകള്‍ കാണാം. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ക്ലാസുകളില്‍ ഓരോ ദിവസവും പത്തും പന്ത്രണ്ടും ക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും.

ഒന്നു മുതല്‍ ഒന്‍പതുവരെ ക്ലാസുകള്‍ക്ക് നിലവിലുള്ളതുപോലെ ശനി, ഞായര്‍ ദിവസങ്ങളിലാണ് പുനഃസംപ്രേഷണം. പുനഃസംപ്രേഷണ സമയത്ത് കാണാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പിന്നീട് വെബില്‍ നിന്നും ഓഫ്ലൈനായി ഡൗണ്‍ലോഡ് ചെയ്തും ക്ലാസുകള്‍ കാണാം.

തമിഴ് മീഡിയം ക്ലാസുകള്‍ youtube.com/drcpkd ലിങ്കിലും കന്നട മീഡിയം ക്ലാസുകള്‍ youtube.com/KITEKasaragod ലിങ്കിലും ലഭ്യമാക്കും.
തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ വിഷയാധിഷ്ഠിത ടൈംടേബിള്‍ കൈറ്റ് വെബ്സൈറ്റില്‍ (www.kite.kerala.gov.in) ലഭ്യമാണ്.

Related Articles

Latest Articles