Sunday, October 4, 2026

ഓൺലൈൻ മദ്യവിൽപ്പന;സർക്കാർ വാദങ്ങൾ പച്ചക്കള്ളമെന്നു രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പനയില്‍ ഓരോ ടോക്കണും 50 പൈസ ബെവ്‌കോയ്ക്ക് ആണെന്ന് പറയുന്ന സര്‍ക്കാര്‍ വാദം കളവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിവറേജസ് കോര്‍പ്പറേഷന്‍ പറഞ്ഞത് കളവാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വിട്ടതിനൊപ്പം ഫെയര്‍കോഡ് കമ്പനിയെ ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്ക് തിരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ബാറുകാരില്‍നിന്ന് ഓരോ ടോക്കണും ഈടാക്കുന്ന 50 പൈസ നേരത്തേ തന്നെ ബോവ്‌കോ സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്ക് നല്‍കുന്നു. ഈ തുകയാണ് പിന്നീട് ബാറുകാരില്‍ നിന്ന് ഈടാക്കുന്നതെന്നും ടെന്‍ഡര്‍ നല്‍കിയതില്‍ ദുരൂഹത ഏറുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബാറുടമകള്‍ നല്‍കുന്ന അണ്ടര്‍ടേക്കിംഗില്‍ ബാറുകാരില്‍നിന്ന് ഓരോ ടോക്കണും വാങ്ങുന്ന 50 പൈസ ആദ്യം തന്നെ ആപ്ലിക്കേഷന്‍ തയ്യാറാക്കിയ ഫെയര്‍ കോഡ് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്ക് ബെവ്‌കോ നല്‍കും. ഈഅമ്പത് പൈസയാണ് പിന്നീട് ബാറുകാരില്‍ നിന്ന് ഈടാക്കുന്നത് – രമേശ് ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു.

ഇത് ബാറുകള്‍ ബെവ്‌കോക്ക് നല്‍കുന്ന അണ്ടര്‍ടേക്കിംഗ്‌സിന്റെ നാല്, അഞ്ച് ഖണ്ഡികകളില്‍ വ്യക്തമാക്കുന്നുണ്ടെന്നും ഇത് മറച്ച് വച്ചാണ് ബെവ്‌കോക്കാണ് അമ്പത് പൈസ ലഭിക്കുന്നതെന്ന അടിസ്ഥാനരഹിതമായ അവകാശവാദം ബെവ്‌കോ ഉയര്‍ത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ബെവ്‌കോ ആപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കള്ളക്കളി ഇതോടെ വ്യക്തമാവുകയാണ്. അത് കൊണ്ട് തന്നെ ടെക്‌നിക്കല്‍ ബിഡിന് ശേഷം നടന്ന പരിശോധനയിലൂടെ ഫെയര്‍കോഡ് എന്ന കമ്പനിക്ക് ടെന്‍ഡര്‍ ലഭിച്ചതില്‍ ദുരൂഹതയേറുകയാണ്. ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടണം – രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Related Articles

Latest Articles